Editors Pick
നൂറ് ആനകളുടെ ഭാരം വഹിക്കും; ഇവൻ കരയിലെ കപ്പൽ
ലോകത്തെ ഏറ്റവും വലിയ മൈനിങ് ട്രക്കായ ബെലാസിനെ കൂറ്റന്‍ ഖനികളില്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

ഒരു ഏഷ്യൻ ആനയുടെ ശരാശരി ഭാരം 4000 കിലോ ആണ്. ഇങ്ങനെയുള്ള 100 ആനകളെ ഉൾക്കൊള്ളാവുന്ന ഒരു ട്രക്ക്. കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ?. അതെ അങ്ങനെയൊരു വാഹനം ലോകത്തുണ്ട്.അതാണ് ബെലാസ് ട്രക്ക് ( BelAZ 75710).
ലോകത്തെ ഏറ്റവും വലിയ മൈനിങ് ട്രക്കായ ബെലാസിനെ കൂറ്റന്‍ ഖനികളില്‍ മാത്രമാണ് ഉപയോഗിക്കുന്നത്.ആവശ്യക്കാര്‍ക്കനുസരിച്ച് മാത്രമാണ് ഇവയുടെ നിർമാണം. ഒരു ബെലാസ് ട്രക്കിന് ഏകദേശം 6 മില്യണ്‍ ഡോളര്‍ (42.98 കോടി രൂപ) വില വരും.രണ്ട് മനുഷ്യനേക്കാൾ ഉയരമുണ്ട് ബെലാസ് ട്രക്കിന്‍റെ ടയറിന്. ഒരു ഫോർമുല വൺ റേസിംഗ് കാറിനേക്കാൾ ആറ് മടങ്ങ് ശക്തിയുള്ള ബെലാസിന് 20 മീറ്ററിൽ കൂടുതൽ നീളമുണ്ട്. 2,300 കുതിര ശക്തിയുള്ള രണ്ട് 16 സിലിണ്ടർ, ഫോർ സ്ട്രോക്ക് ഡീസൽ എഞ്ചിനുകളും നാല് ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിെനെ ചലിപ്പിക്കുന്നത്.പരമാവധി 64 കിലോമീറ്റർ വേഗത കൈവരിക്കാൻ ബെലാസിന് കഴിയും.
എട്ട് ചക്രങ്ങളിലാണ് ഈ കൂറ്റന്‍ ട്രക്ക് സഞ്ചരിക്കുക. സൈബീരിയയിലെ കല്‍ക്കരി ഖനികളില്‍ പാറകള്‍ നീക്കാന്‍ ഇത്തരം ബെലാസ് ട്രക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. 450 ടണ്ണാണ് ബെലാസിന്‍റെ ഭാരശേഷി. 26 അടി ഉയരവും 32 അടി വീതിയും 67 അടി നീളവുമുണ്ട് ഈ ട്രക്കിന്. ഇന്ധനം കുടിച്ചു വറ്റിക്കുന്നതിലും ഈ ട്രക്ക് മുന്നിലാണ്.100 കിലോമീറ്റര്‍ സഞ്ചരിക്കാൻ 1300 ലിറ്റര്‍ ഇന്ധനം വേണം.
ഇന്ധനം ലാഭിക്കാനായി ഭാരം ഇല്ലാതെ പോകുമ്പോള്‍ ഒരു എൻജിന്‍ പൂര്‍ണമായും ഓഫാക്കി സഞ്ചരിക്കാൻ ഇവക്കാകും. 450 ടണ്ണും വഹിച്ച് ബെലാസ് 10 ഡിഗ്രി കുത്തനെയുള്ള കയറ്റം 40 കിലോമീറ്റര്‍ വേഗത്തില്‍ പുഷ്പം പോലെ കേറിപോകും. കയറ്റം 18 ഡിഗ്രി വരെ ആയാലും വലിയ പ്രശ്‌നമില്ല. യൂറോപ്പിലെ ബെലാറസിലാണ് ബെലാസ് ട്രക്കുകൾ നിർമിക്കുന്നത്. ബെലാറസ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബെലാറൂസിയൻ ഓട്ടോവർക്ക്‌സ് ആണ് ഈ ഭീമൻ ട്രക്കിന്‍റെ ഉൽപ്പാദകർ.