Connect with us

Kerala

കേരളത്തിലേക്കുള്ള ലഹരി കടത്ത് ശൃംഖലയുടെ തലവന്‍ പിടിയില്‍

കേരളത്തിലെ ലഹരി ഇടപാടുകള്‍ നിയന്ത്രിക്കുന്ന.യാളാണ് വിനു ആന്റണി

Published

|

Last Updated

മട്ടാഞ്ചേരി | കൊച്ചിയിലെ ലഹരി മരുന്ന് വില്‍പ്പന ശൃംഖലയിലെ തലവന്‍ മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായി. വാത്തുരുത്തി വിനു എന്നറിയപ്പെടുന്ന വിനു ആന്റണി(36)യെയാണ് മട്ടാഞ്ചേരി അസി. കമ്മീഷണര്‍ വി ജി രവീന്ദ്രനാഥ്, എസ് ഐ തൃതീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് അര കിലോ എം ഡി എം എയുമായി ലഹരി മരുന്ന് ശൃംഖലയിലെ കണ്ണികളായ മട്ടാഞ്ചേരി സ്വദേശി ശ്രീനീഷ്, ഇടക്കൊച്ചി വലിയകുളം റോഡില്‍ ജോസഫ് പ്രിന്‍സ് അമരേഷ്, ആലുവ അയ്യമ്പുഴ സ്വദേശി സോണി ടോമി എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് മയക്ക് മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിനു ആന്റണിയെക്കുറിച്ച് വിവരം ലഭിച്ചത്.

ഇയാള്‍ സംസ്ഥാനത്തിന് പുറത്തിരുന്ന് കേരളത്തിലെ പല സ്ഥലങ്ങളിലേക്കും ലഹരി മരുന്നിന്റെ മൊത്ത വിതരണം നിയന്ത്രിച്ചിരുന്നതായി പോലീസ് കണ്ടെത്തുകയും ഇയാളെ പിടികൂടാന്‍ മട്ടാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ തൃതീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുമായിരുന്നു. ഈ സംഘം കോയമ്പത്തൂരില്‍ നിന്ന് ഇയാളെ വിദഗ്ധമായി പിടികൂടുകയായിരുന്നു. എറണാകുളം ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ പല ജില്ലകളിലും ആന്ധ്രാ പ്രദേശിലും ലഹരി മരുന്ന് കേസുകള്‍ ഉള്‍പ്പെടെ മുപ്പതോളം കേസുകളില്‍ പ്രതിയായ കൊടും ക്രിമിനലായ ഇയാള്‍ കുറച്ച് നാളുകളായി പോലീസിനെ വെട്ടിച്ച് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളില്‍ നിന്ന് കേരളത്തിലെ ലഹരി മരുന്ന് ഇടപാടുകള്‍ നിയന്ത്രിച്ച് വരികയായിരുന്നുവെന്ന് എ സി പി. വി ജി രവീന്ദ്രനാഥ് പറഞ്ഞു.

കേരളത്തിലെ മയക്ക് മരുന്ന് ഏജന്റ്മാരില്‍ നിന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി ഓര്‍ഡര്‍ സ്വീകരിച്ച് പണം ഡിജിറ്റല്‍ പെയ്‌മെന്റ് മുഖാന്തരം കൈപ്പറ്റി ലഹരി മരുന്നുകള്‍ കൈമാറുകയാണ് രീതി. ലഹരി വില്‍പ്പന വഴി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിന് വിനിയോഗിച്ച് വരികയായിരുന്നു. ഇയാളെ പിടികൂടുമ്പോള്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത മിസിംഗ് കേസിലെ 24കാരിയും കൂടെയുണ്ടായിരുന്നു. പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് പറയുന്നതിനായി പോലീസ് വ്യക്തമാക്കി. ഇവരെ തൃപ്പൂണിത്തുറ പോലീസിന് കൈമാറി.

ഇയാളുടെ അറസ്റ്റ് മറ്റ് നിരവധി ലഹരി മരുന്ന് കേസുകളുടെ അന്വേഷണത്തിന് സഹായകരമാകുമെന്നും പൊലിസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊച്ചിയെ ലഹരി മരുന്ന് ലോബിയെ പൊതുജനങ്ങളുടെ സഹകരണത്തോടെ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അസി. കമ്മീഷണര്‍ രവീന്ദ്രനാഥ് വ്യക്തമാക്കി.

Latest