Uae
പരിസ്ഥിതി-സുസ്ഥിര സംരംഭങ്ങള്‍ അവലോകനം ചെയ്ത് രാഷ്ട്രത്തലവന്‍
'കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിലും പരിസ്ഥിതിയും അതിന്റെ വിഭവങ്ങളും സംരക്ഷിക്കുന്നതിലും പ്രാദേശിക ആഗോളതലത്തില്‍ കൂട്ടായ ഉത്തരവാദിത്തമുണ്ട്.'

അബൂദബി | ലോക പരിസ്ഥിതി ദിനത്തില്‍ യു എ ഇയുടെ പാരിസ്ഥിതിക സംരംഭങ്ങളും പയനിയറിംഗ് ആശയങ്ങളും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അവലോകനം ചെയ്തു. ഖസര്‍ അല്‍ ബഹറില്‍ നടന്ന ചടങ്ങില്‍ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ മേഖലയിലെ നവീകരണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
പരിസ്ഥിതി സംരക്ഷണ, സുസ്ഥിര മേഖലകളില്‍ നൂതനമായ സംരംഭങ്ങളും ആശയങ്ങളും നടപ്പിലാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സംരംഭകരെയും യുവാക്കളെയും ഉദ്യോഗസ്ഥരെയും അദ്ദേഹം സ്വീകരിച്ചു. അവര്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രസിഡന്റ് അവലോകനം ചെയ്തു.
കൂടുതല്‍ സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി വിഭവങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതില്‍ പരിസ്ഥിതി നേതാക്കളുടെ പങ്കാളിത്തം പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിലും പരിസ്ഥിതിയും അതിന്റെ വിഭവങ്ങളും സംരക്ഷിക്കുന്നതിലും പ്രാദേശിക ആഗോളതലത്തില്‍ കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.