International
ഗസയില്‍ നിന്നുള്ള കുട്ടികള്‍ക്കായി ഒരുക്കിയ വിനോദ സ്ഥലം സന്ദര്‍ശിച്ച് രാഷ്ട്ര തലവന്മാര്‍
ഈജിപ്റ്റ്, ഫ്രഞ്ച് പ്രസിഡന്റുമാരാണ് ഇവിടം സന്ദര്‍ശിച്ച് കുട്ടികളുമായി ആശയവിനിമയം നടത്തിയത്

അല്‍ ആരിഷ് (ഈജിപ്റ്റ്) | പതിവിനു വിപരീതമായി കുട്ടികളുടെ കളി സ്ഥലത്തേക്ക് രാഷ്ട്ര തലവന്മാര്‍ എത്തി. ഏറെ സവിശേഷമായ സന്ദര്‍ശനത്തിനാണ് ഈജിപ്റ്റ്-ഗസ അതിര്‍ത്തിയിലെ അല്‍ ആരിഷ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഈജിപ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മാക്രോണും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയും അല്‍ അരിഷ് ഹോസ്പിറ്റലിലെ വെല്‍നസ് ഒയാസിസ് സന്ദര്‍ശിച്ചത്.
ഗസയിലെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളുടെ ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനായി അബൂദബി ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഒരുക്കിയ കളി സ്ഥലത്തെത്തിയ രാഷ്ട്ര നേതാക്കള്‍ കുട്ടികളുമായി സംസാരിച്ച് വിശേഷങ്ങള്‍ ആരാഞ്ഞു.
ചികിത്സയില്‍ കഴിയുന്ന അവരെ ആശ്വസിപ്പിച്ചു. കുട്ടികളും കളി ചിരികളുമായി ഇരുവര്‍ക്കുമൊപ്പം ചേര്‍ന്നു. ഈജിപ്റ്റ് അതിര്‍ത്തി വഴി ഗസയില്‍ നിന്നെത്തിയ പരിക്കേറ്റവര്‍ക്ക് തുടക്കം മുതല്‍ ആശ്രയം അല്‍ ആരിഷ് ആശുപത്രിയാണ്. പ്രതിസന്ധിയിലായവര്‍ക്ക് സഹായമെത്തിക്കാനുള്ള ഇടപെടലുകളുടെ തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷമാണ് പ്രത്യേക വിനോദ മേഖല ആശുപത്രിയില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംസീര്‍ വയലിലിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ചത്.
വിവിധ വിനോദോപാധികള്‍ ലഭ്യമാക്കിയിരിക്കുന്ന വെല്‍നസ് ഒയാസിസ് ആശുപത്രിയില്‍ എത്തുന്ന കുട്ടികളുടെ പ്രിയ കേന്ദ്രമാണ്. ഒപ്പം എല്ലാ പ്രമുഖ സന്ദര്‍ശങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഇടമായും ഇവിടം മാറി. രാഷ്ട്ര തലവന്മാരുടെ സന്ദര്‍ശനത്തിലൂടെ ഈ കളിസ്ഥലം അന്താരാഷ്ട്ര വാര്‍ത്തകളിലും ഇടം നേടുകയാണ്.