Business
ഊര്‍ജ മേഖലക്കായി എട്ട് കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാര്‍ഡ്; സംയുക്തമായി പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ആര്‍ പി എമ്മും
ഊര്‍ജ മേഖലയില്‍ നൂതന ആരോഗ്യ-ക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കുന്ന കമ്പനികള്‍ക്കാണ് 'ഹ്യൂമന്‍ എനര്‍ജി ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് അവാര്‍ഡ്' നല്‍കുക.
ഊര്‍ജ മേഖലയില്‍ ആരോഗ്യ ക്ഷേമത്തിനുള്ള എറ്റവും വലിയ സമ്മാനത്തുകയുള്ള ഹ്യൂമന്‍ എനര്‍ജി ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് അവാര്‍ഡ് ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിക്കുന്നു.
അബൂദബി | ഊര്‍ജ മേഖലയില്‍ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവര്‍ക്കായി എട്ടു കോടി രൂപയുടെ (ഒരു ദശലക്ഷം ഡോളര്‍) അവാര്‍ഡ് പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ആര്‍ പി എമ്മും. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിന്റെ നേതൃത്വത്തില്‍ അബൂദബി ഇന്റര്‍നാഷണല്‍ പെട്രോളിയം എക്സിബിഷന്‍ & കോണ്‍ഫറന്‍സിലാണ് സുപ്രധാന പ്രഖ്യാപനം.
ഊര്‍ജ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ‘ഹ്യൂമന്‍ എനര്‍ജി ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് അവാര്‍ഡ്’ മേഖലയിലെ ആരോഗ്യ, ക്ഷേമ പദ്ധതികള്‍ക്കായി നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്കായുള്ളതാണ്.
മെനയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരോഗ്യസേവന ദാതാവായ ബുര്‍ജീലും ഓണ്‍സൈറ്റ് ആരോഗ്യസേവന ദാതാവായ ആര്‍ പി എമ്മും സംയുക്തമായി പ്രഖ്യാപിച്ച അവാര്‍ഡിന് രണ്ടു വിഭാഗങ്ങളാണുള്ളത്. കാര്യക്ഷമമായ ആരോഗ്യ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായുള്ള ‘വണ്‍ മില്യണ്‍ വെല്‍ബീയിങ് ഇന്‍വെസ്റ്റ്‌മെന്റ്’ ആണ് ഒന്നാമത്തേത്. തൊഴിലാളികളുടെ ക്ഷേമത്തിനായി നവീന ആശയങ്ങള്‍ നടപ്പിലാക്കുന്ന വലിയ കമ്പനികള്‍ക്കായുള്ള ‘എക്‌സെലന്‍സ് റെക്കഗ്‌നിഷന്‍’ അവാര്‍ഡാണ് മറ്റൊന്ന്. എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തൊഴിലാളികളുടെ മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്ന സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന.
ആരോഗ്യകരമായ ജോലി സാഹചര്യം, നൂതന രീതികള്‍, അളക്കാനാകുന്ന സ്വാധീനം എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രോജക്ടുകള്‍ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിദഗ്ധര്‍ അടങ്ങുന്ന ജൂറിയാണ് വിജയികളെ നിര്‍ണയിക്കുക. പ്രഥമ പുരസ്‌കാരത്തിലെ വിജയികളെ 2025 ഒക്ടോബറില്‍ നടക്കുന്ന അഡിപെക് മേളയില്‍ പ്രഖ്യാപിക്കും.
”ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കര്‍ക്കശവുമായ തൊഴില്‍ മേഖലയിലെ നിരവധി ആരോഗ്യ വെല്ലുവിളികളെ നൂതന ആശയങ്ങളിലൂടെ അഭിസംബോധന ചെയ്യുകയാണ് ലക്ഷ്യം. ഇതിലൂടെ ലോകമെമ്പാടുമുള്ള ഊര്‍ജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യത്തില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
യു എ ഇയുടെ ദേശീയ ക്ഷേമ, വികസന നയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ അവാര്‍ഡ്. അപേക്ഷിക്കേണ്ട തീയതി, ജൂറി തുടങ്ങിയ മറ്റു വിവരങ്ങള്‍ പിന്നീട് ലഭ്യമാക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://hewaward.com/ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
ഊര്‍ജ മേഖലയില്‍ ആരോഗ്യ ക്ഷേമത്തിനുള്ള എറ്റവും വലിയ സമ്മാനത്തുകയുള്ള ഹ്യൂമന്‍ എനര്‍ജി ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് അവാര്‍ഡ് ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിക്കുന്നു.