Connect with us

Kerala

ഹെല്‍ത്ത് കാര്‍ഡ്: കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്

നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ നടപടിയുണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്. നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ചില ജീവനക്കാര്‍ക്ക് ഇപ്പോഴും ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ കണ്ടെത്തിയിരുന്നു.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി നടന്നു വരുന്നതായി മന്ത്രി അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ മാസത്തിലും ഈ മാസം ഇതുവരെയുമായി ആകെ 7,584 പരിശോധനകളാണ് നടത്തിയത്. 206 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 28,42,250 രൂപ പിഴയായി ഈടാക്കി. 1,065 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3,798 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 720 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 54 സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും 90 സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡിക്കേഷന്‍ നടപടികളും സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

 

Latest