Kerala
ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നാളെ മുതൽ നിർബന്ധം: ഇല്ലാത്ത കടകൾ പൂട്ടാൻ അധികൃതർ
തീയതി നീട്ടാൻ ആവശ്യവുമായി വ്യാപാരികൾ
തിരുവനന്തപുരം | ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഭക്ഷണ പാർസലുകളിൽ നാളെ മുതൽ സംസ്ഥാനത്ത് നിര്‍ബന്ധം. ഇവയില്ലാത്ത പാർസലുകൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതിനിടെ, നിയമം നടപ്പാക്കുന്നതിൽ കാലതാമസം ആവശ്യപ്പെട്ട് വ്യാപാരികൾ.
സംസ്ഥാനത്തിൻ്റെ പലഭാഗത്തും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് ആറ് ലക്ഷത്തോളം ഭക്ഷ്യോത്പന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ അഞ്ച് ലക്ഷത്തോളം ജീവനക്കാർ ഉണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൻ്റെ കണക്ക്.
മൂന്നര ലക്ഷത്തോളം പേർക്ക് നിലവിൽ ഹെൽത്ത് കാർഡുണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണ് നിഗമനം. കാർഡിന് ഒരു വർഷമാണ് കാലാവധി. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെയും കൈവശം വെക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറയിച്ചത്.
അതിനിടെ, നിയമ നാളെ മുതൽ നടപ്പാക്കാൻ കഴിയില്ലെന്നും സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. മാർച്ച് 31 വരെ സമയം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റെസ്റ്ററൻ്റ് അസോസിയേഷനും ആരോഗ്യ മന്ത്രി വീണ ജോർജിന് കത്തയച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വ്യാപാരികളുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ചർച്ച നടത്തുന്നുണ്ട്. ഇതിനു ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.