health card
ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് പ്രാബല്യത്തിൽ
സർക്കാർ നൽകിയ അധിക സമയം ഇന്നലെ അവസാനിച്ചതായും ഇന്ന് മുതൽ കർശന പരിശോധന ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട് | ഹെൽത്ത് കാർഡ് ഇന്ന് മുതൽ നിർബന്ധം. കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. സംസ്ഥാനത്തുടനീളം റിപോർട്ട് ചെയ്യപ്പെട്ട ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവക്കാണ് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.
സർക്കാർ നൽകിയ അധിക സമയം ഇന്നലെ അവസാനിച്ചതായും ഇന്ന് മുതൽ കർശന പരിശോധന ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനാണ് അധികൃതരുടെ നീക്കം. അതേസമയം, നേരത്തെ എതിർപ്പുകൾ അറിയിച്ചിരുന്നുവെങ്കിലും നിലവിൽ കോഴിക്കോട് ജില്ലയിലെ 90 ശതമാനം ഹോട്ടലുകളും ഹെൽത്ത് കാർഡ് എടുത്തു കഴിഞ്ഞതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട് പറഞ്ഞു.
ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതോടെ അസ്സോസിയേഷന്റെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റെടുക്കുന്നതിനായി കോർപറേഷൻ പരിധിയിൽ നാല് തവണ ജീവനക്കാർക്ക് വേണ്ടി ക്യാമ്പ് നടത്തിയിരുന്നു. അവധിയിലുള്ള ജീവനക്കാർ മാത്രമാണ് ഹെൽത്ത് കാർഡ് എടുക്കാനുള്ളത്. അവർ എത്തിയാലുടൻ സർട്ടിഫിക്കറ്റ് എടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, ഹോട്ടലിലെ പാചകവുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ ഹെൽത്ത് കാർഡ് നിർബന്ധമായിരുന്നുള്ളു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഹോട്ടലിലെ എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്.