Kerala
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: ഓര്‍ഡിനന്‍സിന് നിയമ വകുപ്പിന്റെ അംഗീകാരം; നാളെ മന്ത്രിസഭ പരിഗണിക്കും
ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്.
തിരുവനന്തപുരം | സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് നിയവകുപ്പ് അംഗീകാരം നല്‍കി. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം ഓര്‍ഡിനന്‍സ് നാളെ ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്.
ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചര്‍ച്ച ചെയ്ത ശേഷം ഓര്‍ഡിനന്‍സ് വ്യവസ്ഥകളുടെ നിയമ പരിശോധനയാണ് നിയമ സെക്രട്ടറി നടത്തിയത്. ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമായാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഏഴു മുതല്‍ പരമാവധി 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്രമം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്നും പ്രത്യേക കോടതി സ്ഥാപിച്ച് ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി കുറ്റക്കാരെ ശിക്ഷിക്കണമെന്നുമുള്ള വ്യവസ്ഥകളും ഓര്‍ഡിനന്‍സിലുണ്ടെന്നാണ് വിവരം. 2012ലെ നിയമത്തില്‍ ഏതൊക്കെ ചട്ടങ്ങളാണ് ഭേദഗതി വരുത്തേണ്ടതെന്ന വിശദമായ കുറിപ്പും ആരോഗ്യ വകുപ്പ് നിയമ വകുപ്പിന് കൈമാറിയിരുന്നു.
നിയമ സെക്രട്ടറിയുടെ അംഗീകാരം ലഭിച്ച ഓര്‍ഡിനന്‍സ് ആരോഗ്യ വകുപ്പിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അന്തിമ പരിശോധനക്ക് ശേഷം ഓര്‍ഡിനന്‍സ് ഇന്ന് രാത്രിയോടെ മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പരിശോധിച്ച ശേഷമാണ് ഓര്‍ഡിനന്‍സ് നാളെ ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വിട്ടത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും മന്ത്രിസഭായോഗം പരിഗണിക്കും.