Religion
ആരാധനയിലെ ആരോഗ്യം
സ്രഷ്ടാവിന്റെ പ്രീതി ലഭിക്കുന്നതോടൊപ്പം മാരക രോഗങ്ങളില്‍ നിന്നുള്ള രക്ഷാകവചം കൂടിയാണ് ഇസ്്ലാമിലെ ആരാധനകളിൽ മുഖ്യ സ്ഥാനത്തുള്ള നിസ്കാരം. ബുദ്ധി നിലനിൽക്കുന്ന കാലത്തോളം പ്രായപൂർത്തിയായ ഏതൊരു വിശ്വാസിക്കും ഒഴിച്ചുകൂടാനാകാത്ത കർമമാണത്. ഉപേക്ഷ വരുത്തുന്നവർക്ക് കഠിനമായ ശിക്ഷയും സ്രഷ്ടാവിന്റെ കോപവുമുണ്ടാകും.

ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും നിലനിർത്തുന്നതിനും മനുഷ്യൻ വിവിധ വൈദ്യങ്ങളും നടപടികളും ചെയ്യാറുണ്ട്. പതിവായ വ്യായാമം, ശുചിത്വ ശീലം, സമീകൃതാഹാരം, മതിയായ ഉറക്കം തുടങ്ങിയവയെല്ലാം അതിൽ പ്രധാനമാണ്. ഇവയിൽ ഏതെങ്കിലുമൊന്നിന്റെ വീഴ്ച ആരോഗ്യത്തെ ഹാനികരമായി ബാധിക്കാറുണ്ട്. എന്നാൽ, ശരീരത്തെക്കാള്‍ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യം. മനസ്സിന്റെ വാഹനമായ ശരീരത്തിന് കൊടുക്കുന്നത്ര പ്രധാന്യം പലരും മനസ്സിന് നൽകുന്നില്ല എന്നതാണ് വാസ്തവം. ശരീരത്തെപ്പോലെ മനസ്സിനും വ്യായാമവും വിശ്രമവും ചികിത്സയും വൃത്തിയും അനിവാര്യമാണ്. കാരണം, ചിന്തയുടെ ഉൽഭവത്തിനും വികാസത്തിനും സന്തോഷദായകമായ പെരുമാറ്റത്തിനും വൈകാരികാനുഭവങ്ങളുടെ ആസ്വാദനത്തിനും മാനസികാരോഗ്യം അത്യന്താപേക്ഷിതമാണ്.
മനസ്സിനെ ആരോഗ്യത്തോടെ പരിരക്ഷിക്കുന്നതിന് സർവ മതങ്ങളും വിവിധങ്ങളായ ആരാധനാ മുറകൾ നിഷ്കർഷിക്കുന്നുണ്ട്. ആരാധനാലയത്തില്‍ പോകുന്നതും ഭക്തിയോടെ പ്രാർഥനകളില്‍ പങ്കെടുക്കുന്നതും മനസ്സിന് ഊർജവും ആത്മാവിന് ഉന്മേഷവും പകരുന്ന കാര്യങ്ങളാണ്. മനസ്സിന്റെ സന്തോഷം നിലനിർത്തുന്നതിനും സമ്മർദങ്ങൾ കുറക്കുന്നതിനും പ്രാർഥനക്ക് വലിയ പങ്കുണ്ട്.
വിശ്വാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇസ്ലാം വലിയ പ്രധാന്യം നൽകുന്നുണ്ട്. ആകയാൽ മനുഷ്യന് ശാരീരികവും മാനസികവുമായ ആരോഗ്യവും കരുത്തും പകരുന്ന വിധത്തിലാണ് ഇസ്്ലാമിലെ ഓരോ ആരാധനാ കർമവും സംവിധാനിച്ചത്. ഏതൊരു വിശ്വാസിക്കും ഏതവസ്ഥയിലും നിർവഹിക്കാൻ പറ്റുന്ന വിധത്തിലാണ് ഓരോ അനുഷ്ഠാനവും ക്രമീകരിക്കപ്പെട്ടത്. മതത്തിന്റെ ലളിതമായ സരണിയെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. “അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണുദ്ദേശിക്കുന്നത്, ക്ലേശമുദ്ദേശിക്കുന്നില്ല.’ (അൽബഖറ: 185) മനുഷ്യന് ഭാരമാകുന്നതൊന്നും അല്ലാഹു കല്‍പ്പിച്ചിട്ടില്ല എന്ന സുവിശേഷത്തിന്റെ പ്രസക്തിയും പ്രായോഗികതയും ആരാധനാ ക്രമങ്ങളുടെ ശാസ്ത്രീയ വശങ്ങളില്‍ നിന്നും സുതരാം വ്യക്തമാകും.
സ്രഷ്ടാവിന്റെ പ്രീതി ലഭിക്കുന്നതോടൊപ്പം മാരക രോഗങ്ങളില്‍ നിന്നുള്ള രക്ഷാകവചം കൂടിയാണ് ഇസ്്ലാമിലെ ആരാധനകളിൽ മുഖ്യ സ്ഥാനത്തുള്ള നിസ്കാരം. ബുദ്ധി നിലനിൽക്കുന്ന കാലത്തോളം പ്രായപൂർത്തിയായ ഏതൊരു വിശ്വാസിക്കും ഒഴിച്ചുകൂടാനാകാത്ത കർമമാണത്. ഉപേക്ഷ വരുത്തുന്നവർക്ക് കഠിനമായ ശിക്ഷയും സ്രഷ്ടാവിന്റെ കോപവുമുണ്ടാകും. നിസ്കാരം പതിവായും കൃത്യമായും അനുഷ്ഠിക്കുന്നത് ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലായ്മ ചെയ്യാനും നാഡികളും പേശികളും അസ്ഥികളും കൂടുതൽ പ്രവര്‍ത്തന ക്ഷമമാകാനും നടുവേദന, ഊരവേദന പോലുള്ള അസുഖങ്ങൾക്ക് ആശ്വാസമേകാനും കാരണമാകും.
അഞ്ച് നേരങ്ങളിലെ നിസ്കാരം മനുഷ്യനെ ശുദ്ധീകരിക്കുകയും മനസ്സിലെ മാലിന്യങ്ങള്‍ അകറ്റുകയും ചെയ്യുമെന്ന് തിരുനബി (സ്വ) അരുളിയിട്ടുണ്ട്. കൈ കഴുകുന്നത് അണുക്കളെ നിയന്ത്രിക്കാനും മൂക്കും വായയും കഴുകുന്നത് ചുമ, പനി, ജലദോഷം എന്നിവയില്‍ നിന്നെല്ലാം രക്ഷ നേടാനും ആരോഗ്യം ലഭിക്കാനും സഹായിക്കുന്നു.
മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും സ്രഷ്ടാവിനു മുമ്പിൽ നിശ്ചലമാക്കി വെച്ചു കൊടുക്കുകയാണ് നിസ്കാരത്തിൽ പ്രധാനമായും ചെയ്യുന്നത്. നാഥനു മുന്നിൽ നമ്രശിരസ്കനായി അടിമ ഉടമയോട് ഹൃദയം തുറന്ന് വിനയാന്വിതനായി സംസാരിക്കുമ്പോൾ അവന്റെ പ്രയാസങ്ങളും പരിഭവങ്ങളും മനസ്സില്‍ നിന്നും ഇറക്കിവെക്കാൻ സാധിക്കുന്നു.
ശരീരത്തിന്റെ സുപ്രധാന അവയവങ്ങളായ കണ്ണ്, കാത്, നാസിക തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് രക്തചംക്രമണം അനിവാര്യമാണ്. എന്നാല്‍ നിസ്കാരത്തിലെ റുകൂഅ്, സുജൂദ് സമയങ്ങളില്‍ തല ഹൃദയത്തേക്കാള്‍ താഴ്ന്ന വിതാനത്തിലേക്കെത്തുന്നതിനാല്‍ രക്ത സഞ്ചാര പ്രക്രിയ വളരെ സുഗമമായി നടക്കുന്നു. വിവിധ സമയങ്ങളിലുള്ള നിസ്കാരം രക്തവും രക്തത്തിലടങ്ങിയ പോഷകങ്ങളും ശരീരത്തിന്റെ എല്ലാ ഭാഗത്തുമെത്താന്‍ സഹായിക്കുന്നു.
റജബ് മാസത്തിന്റെ പ്രധാന സവിശേഷതയായ ഇസ്റാഅ് – മിഅ്റാജ് സംഭവത്തിന്റെ സമ്മാനമായാണ് നിസ്കാരം ലഭിച്ചത്. തിരുനബി(സ്വ) ജിബ്്രീലി(അ)ന്റെ കൂടെ ബുറാഖ് എന്ന വാഹനത്തില്‍ ഒരു രാത്രി കൊണ്ട് ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസിലേക്കും സപ്താകാശങ്ങളിലേക്കും അതിനപ്പുറത്ത് സ്രഷ്ടാവിന്റെ സാന്നിധ്യത്തിലേക്കും യാത്ര ചെയ്ത് അതേരാത്രി തന്നെ തിരികെ മക്കയിലെ വീട്ടിലെത്തുകയും ചെയ്ത രാപ്രയാണം ഇസ്റാഅ് – മിഅ്റാജ് എന്നാണ് അറിയപ്പെടുന്നത്. പ്രസ്തുത യാത്രയിൽ പാരിതോഷികമായി പ്രവാചകര്‍(സ്വ)ക്ക് ലഭിച്ചത് അൻപത് നേരത്തെ നിസ്കാരമായിരുന്നു. എന്നാൽ സമുദായത്തിന്റെ ആശ്വാസത്തിനായി അത് അഞ്ച് സമയത്തെ നിർബന്ധ നിസ്കാരമാക്കി.
വീടിനു മുന്നിലൂടെ ഒഴുകുന്ന നദിയിൽ അഞ്ച് നേരം കുളിക്കുന്നതിനോടാണ് മുഹമ്മദ് നബി(സ്വ) നിസ്്കാരത്തെ ഉപമിച്ചത്. (മുസ്്ലിം) ആരാധന എന്നതിനൊപ്പം ആത്മവിശുദ്ധിയും ശാരീരിക വൃത്തിയും വർധിപ്പിക്കുന്നതാണ് നിസ്‌കാരം. ഖുർആൻ പറയുന്നു: “നിങ്ങൾ കൃത്യമായും നിത്യമായും നിസ്‌കാരം നിർവഹിക്കുക. നിശ്ചയം നിസ്‌കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധ കർമങ്ങളിൽ നിന്നും തടയുന്നു’ (അൻകബൂത്ത്: 45)