Connect with us

Uae

നോര്‍ത്തേണ്‍ എമിറേറ്റ്‌സില്‍ വിസക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം

ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ആവശ്യമായി വരിക.

Published

|

Last Updated

ദുബൈ|നോര്‍ത്തേണ്‍ എമിറേറ്റ്‌സില്‍ വിസകള്‍ നല്‍കുന്നതിനോ പുതുക്കുന്നതിനോ ജനുവരി ഒന്ന് മുതല്‍ പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി നിര്‍ബന്ധമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്‌റെ) അറിയിച്ചു. ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ആവശ്യമായി വരിക. ജനുവരി ഒന്നിന് മുമ്പ് ഇഷ്യൂ ചെയ്ത സാധുതയുള്ള വര്‍ക്ക് പെര്‍മിറ്റുള്ള ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമല്ല. അവരുടെ റസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കേണ്ട സമയമാകുമ്പോള്‍ മാത്രമേ ഇത് നിര്‍ബന്ധമാകും. അബൂദബിയിലും ദുബൈയിലും ഇത് നേരത്തെ നടപ്പാക്കിയിട്ടുണ്ട്.

തൊഴിലാളി സംരക്ഷണ പരിപാടി, തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് പദ്ധതി, സേവിംഗ്സ് സ്‌കീം എന്നറിയപ്പെടുന്ന ബദല്‍ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംയോജിത സാമൂഹിക സംരക്ഷണ ശൃംഖല വികസിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണിതെന്ന് മൊഹ്‌റെയിലെ ലേബര്‍ മാര്‍ക്കറ്റ് ആന്‍ഡ് എമിറേറ്റൈസേഷന്‍ ഓപറേഷന്‍സ് അണ്ടര്‍ സെക്രട്ടറി ഖലീല്‍ അല്‍ ഖൂരി പറഞ്ഞു.

എല്ലാ തൊഴിലാളികള്‍ക്കും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഇത് ഗുണകരമാവും. പുതിയ അടിസ്ഥാന ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്ലാന്‍ പ്രതിവര്‍ഷം 320 ദിര്‍ഹം മുതല്‍ ആരംഭിക്കും. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകള്‍ കുറക്കുന്നതിലൂടെയും തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഇത് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

Latest