Kerala
ആശ വര്‍ക്കര്‍മാരുടെ സംഘടനകളുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് എല്ലാ യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നത്

തിരുവനന്തപുരം | ആശ വര്‍ക്കര്‍മാരുടെ എല്ലാ സംഘടനകളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ചര്‍ച്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് എല്ലാ യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നത്.
ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ 53 ദിവസമായി സമരം ചെയ്യുന്ന ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷനും പങ്കെടുക്കും. ഇവരുമായി നേരത്തെ രണ്ടുവട്ടം ചര്‍ച്ച നടത്തിയിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകരുടെ വിവിധ യൂണിയനുകള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ദീര്‍ഘകാലമായി സമരത്തിലാണ്. ഇവരുമായി സംസ്ഥാന സര്‍ക്കാര്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
കേന്ദ്രപദ്ധതിയായതിനാല്‍ സംസ്ഥാന സര്‍ക്കാറിനെതിരായ സമരംകൊണ്ടുകാര്യമില്ലെന്ന നിലപാടിലായിരുന്നു സി ഐ ടി യു, ഐ എന്‍ ടി യു സി അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍. എന്നാല്‍ എസ് യു സി ഐ നിയന്ത്രണത്തിലുള്ള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍, സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം കൂട്ടുന്നതും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ്.
നിരാഹാര സമരം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം മുടിമുറിച്ച് സമരം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചാല്‍ സംസ്ഥാനവും ആനുപാതികമായി പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്നത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് വിവിധ യൂണിയനുകള്‍ പ്രതികരിക്കുന്നത്.