oommen chandy
ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു
ചികിത്സക്ക് മെഡിക്കൽ ബോർഡ് രുപവത്കരിച്ചിട്ടുണ്ട്.
തിരുവനന്തപുരം | മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി കണ്ടു. തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്നലെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരമാണ് ആരോഗ്യ മന്ത്രി ഇന്ന് രാവിലെ എട്ടോടെ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചത്.
ചികിത്സക്ക് മെഡിക്കൽ ബോർഡ് രുപവത്കരിച്ചിട്ടുണ്ട്. നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ചു തമ്പിമെഡിക്കൽ ബോർഡിന് നേതൃത്വം നൽകും. ന്യൂമോണിയയെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഐ സി യുവിലാണ് ഉമ്മൻ ചാണ്ടി. ഐ സി യുവിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കനത്ത പനിയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശേഷം ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു.
സന്ദർശകർക്ക് കനത്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് അനുജൻ അലക്സ് വി ചാണ്ടി അടക്കമുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും കത്ത് നൽകിയിരുന്നു.