Connect with us

Kerala

അനധികൃതമായി ജോലിയില്‍നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അനധികൃത ഹാജരില്ലായ്മ ആരോഗ്യ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം | അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിനിടയില്‍ ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

അനധികൃതമായി അവധിയെടുക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അനധികൃതമായി അവധി എടുത്തവരില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ താല്‍പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും ഇതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

മഴ അതികരിച്ചതോടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുകയാണ്. ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലും നോക്കാതെ ജോലി ചെയ്യുമ്പോള്‍ മറ്റു ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ശരിയല്ല.അനധികൃത ഹാജരില്ലായ്മ ആരോഗ്യ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിനുള്ള സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും മന്ത്രി അറിയിച്ചു.