Connect with us

ആത്മീയം

വിശപ്പിന്റെ ആരോഗ്യം

Published

|

Last Updated

പ്രപഞ്ച സ്രഷ്ടാവിന്റെ പ്രീതിയും പൊരുത്തവും സമ്പാദിക്കാനും അതുമുഖേന സ്വർഗം പ്രാപിക്കാനും വേണ്ടി പകല്‍ മുഴുവൻ വിശപ്പും ദാഹവും സഹിച്ചും രാത്രി സമയത്ത് ആരാധനകളിൽ സജീവമായും വിശ്വാസി സമൂഹം പുണ്യറമസാനിൽ കർമ നിരതരാണ്. വിശപ്പിലൂടെയും ഇച്ഛാനിയന്ത്രണത്തിലൂടെയും ശരീരത്തെയും മനസ്സിനെയും മെരുക്കിയെടുക്കാനുള്ള മികച്ച പരിശീലനമാണ് നോമ്പിലൂടെ നേടിയെടുക്കുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളും ശാരീരിക ബന്ധവും പൂര്‍ണമായും വെടിയൽ മൂലം ക്ഷുത്തടക്കാൻ വകയില്ലാതെ കത്തിയാളുന്ന വയറുകളെക്കുറിച്ചുള്ള മൂർച്ചയുള്ള ഓർമകളാണ് സമ്മാനിക്കുന്നത്. പതിനൊന്ന് മാസവും വയറു നിറച്ച് സുഖലോലുപതയില്‍ കഴിഞ്ഞവന് വിശപ്പിന്റെ എരിവും പുളിയും അനുഭവിക്കാനും പാവപ്പെട്ടവനോട് കരുണയും ഉദാരതയും കാണിക്കാനും വ്രതം കാരണമായിത്തീരുന്നു.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ആത്മനിയന്ത്രണത്തിനും അനിവാര്യമായ ഒന്നാണ് ഉപവാസം. പ്രകൃതിയോടും സ്രഷ്ടാവിനോടും ചേർന്നു നിൽക്കുക എന്ന ഉദ്ദേശ്യത്തിലുള്ള സംസ്‌കൃത പദത്തില്‍ നിന്നാണ് ഉപവാസമെന്ന ആശയം ഉടലെടുത്തത്.
സർവമതങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഉപവാസത്തിന്റെ പ്രാധാന്യവും മഹത്വവും ഉദ്ഘോഷിക്കുന്നു. പുരാതന കാലം മുതല്‍ ഭിഷഗ്വരന്മാര്‍ ഉപവാസത്തെ ഒരു ചികിത്സാ രീതിയായും രോഗപ്രതിരോധ മാർഗമായും നിർദേശിച്ചു വരുന്നു. മഹാത്മാക്കളും പൂർവ സൂരികളും ഉപവാസത്തിലൂടെ ശരീരത്തെയും ഇന്ദ്രിയങ്ങളെയും മനസ്സിനെയും കീഴടക്കിയവരായിരുന്നു.
ആരോഗ്യകരമായി ഉപവാസത്തിന് വലിയ പ്രാധാന്യമുണ്ട്. അത് തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ദഹനത്തെ സഹായിക്കുന്ന അവയവങ്ങളുടെയും കോശങ്ങളുടെയും ജോലിഭാരം കുറക്കാനും അവക്ക് വിശ്രമം നൽകാനും അതുവഴി അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളില്‍ നിന്ന് മോചനം നേടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്ന ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനും ഉപവാസം നിമിത്തമാകുന്നു. അതുകൊണ്ടാണ് പ്രമേഹരോഗികള്‍ ഉപവസിക്കുന്നത് നല്ലതാണെന്ന് വൈദ്യശാസ്ത്രം പറയുന്നത്.

ഭക്ഷണം വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയും ശരീരത്തെ ചലനാത്മകമാക്കുകയും ചെയ്യുന്നു. വിശപ്പ് ദേഹത്തെ ദേഹിക്ക് കീഴ്പ്പെടുത്തുകയും തിന്മകളുടെ ഉറവിടങ്ങളെ വിപാടനം ചെയ്യുകയും ലൈംഗിക ദാഹവും സംസാരിക്കാനുള്ള താത്പര്യവും കുറക്കുകയും ചെയ്യുന്നു. ശരീരത്തെ മെരുക്കിയെടുക്കാൻ വിശപ്പിനെ പോലെ മറ്റൊരു ആയുധവുമില്ല.

അമിത ഭോജനം സകല തിന്മകളുടെയും ഉറവിടമാണെന് മഹാനായ ഹുജ്ജതുൽ ഇസ്്ലാം അബൂഹാമിദുൽ ഗസാലി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇഹിയാഉലുമിദ്ദീനിൽ വിശപ്പിന്റെ പ്രയോജനങ്ങളും വയര്‍ നിറക്കുന്നതിന്റെ അപകടങ്ങളും വിശദീകരിക്കുന്നേടത്ത് സവിസ്തരം പറയുന്നുണ്ട്.

നോമ്പ് ശരീരത്തിന് സുരക്ഷാ കവചവും ആത്മാവിന് സംസ്കരണവും നൽകുന്നു. മാനസിക പരിവർത്തനമാണ് നോമ്പിന്റെ അന്തസ്സത്ത. അത് ചിന്തയിലും കാഴ്ചയിലും കാഴ്ചപ്പാടിലും സമീപനത്തിനും പെരുമാറ്റത്തിലും കാതലായ മാറ്റങ്ങളുണ്ടാക്കുന്നു. വിഷാദം കുറക്കാനും ഏകാഗ്രത കൂട്ടാനും ഉപവാസം ഉപകരിക്കുന്നു. “നോമ്പെടുക്കൂ, ആരോഗ്യവാന്മാരാകൂ’ (ത്വബ്റാനി) എന്ന തിരുവചനം നോമ്പിലൂടെ സാധ്യമാകുന്ന ഏറ്റവും നല്ല ആരോഗ്യ പരിരക്ഷയെയാണ് പരിചയപ്പെടുത്തുന്നത്. “നോമ്പ് ഒരു പരിചയാണ്’ (നസാഈ) എന്ന വചനം കൂടി ചേർത്ത് വായിക്കുമ്പോൾ നോമ്പ് നൽകുന്ന സുരക്ഷാ ബോധം കുടുതൽ വ്യക്തമാകും.

വിഭവ സമൃദ്ധമാണ് ഇന്നത്തെ ഇഫ്താര്‍ സുപ്രകള്‍. വിഭവങ്ങളിൽ പലതും ശരീര പ്രകൃതി പൊരുത്തപ്പെടാത്തവയാണ്. സ്വാഭാവികമായ മിതഭോജനത്തിന്റെ ഗുണങ്ങള്‍ പോലും ലഭ്യമാകാത്ത വിധത്തിലാണ് വിഭവങ്ങളൊരുക്കുന്നത്. കഴിക്കുന്നതിന്റെ അളവിലും അശാസ്ത്രീയവും അപാകവുമായ വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. പതിനാറ് മണിക്കൂറിനിടയിൽ വിവിധ സമയങ്ങളിൽ കഴിച്ചിരുന്ന ഭക്ഷണം നോമ്പുകാലത്ത് ചുരുങ്ങിയ സമയത്ത് വെട്ടി വിഴുങ്ങുകയാണ് ചെയ്യുന്നത്. മാസങ്ങളായി തുടർന്നു വന്ന ജീവിതക്രമത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം വളരെ കരുതലോടെയാണ് കൈകാര്യം ചെയ്യേണ്ടത്. കഴിവതും ലളിതമായ ഭക്ഷണ വിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴ വേളകളിലും സ്വീകരിക്കേണ്ടത്. നോമ്പ് കാലത്തെ രാത്രിയാഹാരത്തിലും മിതത്വം പാലിക്കണമെന്ന് ഇമാം ഗസാലി(റ) പറയുന്നുണ്ട്. (ഇഹ്‌യാ ഉലൂമിദ്ദീന്‍)

നോമ്പുകാലത്ത് സസ്യാഹാരം കഴിക്കുന്നത് കേള്‍വിയേയും കാഴ്ചയേയും ചിന്തകളേയും പ്രവൃത്തികളേയും പുനഃക്രമീകരിക്കുകയും ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യും.
മഹാനായ ലുഖ്മാനുൽ ഹകീം(റ) തന്റെ പ്രിയപുത്രന് നൽകിയ ഉപദേശങ്ങളിൽ കാണാം: “മകനേ! വയര്‍ നിറയെ ആഹരിക്കരുത്. അത് ഓര്‍മകള്‍ക്ക് മങ്ങലുണ്ടാക്കും, ജ്ഞാനമണ്ഡലത്തെ ബധിരമാക്കും, അവയവങ്ങളെ തളർത്തും. മിതാഹാരം ശീലിക്കണം. അത് ആരോഗ്യകരവും അമിതാഹാരം നാശഹേതുവുമാണ്.

തിരുനബി (സ) ബീവി ആഇശ(റ)യോട് ഒരിക്കൽ പറഞ്ഞു. ആയിശാ… നീ സ്വർഗത്തിന്റെ വാതിലില്‍ നിരന്തരം മുട്ടണം. അപ്പോൾ മഹതി ചോദിച്ചു, പ്രവാചകരേ… എന്തുകൊണ്ടാണ് സ്വർഗവാതില്‍ ഞാൻ മുട്ടേണ്ടത്? അപ്പോൾ അവിടുന്ന് പറഞ്ഞു: വിശപ്പും ദാഹവും കൊണ്ടാണത്. മറ്റൊരു ഹദീസിൽ കാണാം: വിശപ്പും ദാഹവും കൊണ്ട് നിങ്ങൾ പ്രയത്നിക്കുക, എന്തെന്നാൽ അതിനുള്ള പ്രതിഫലം അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവന്റെ പ്രതിഫലം പോലെയാണ്, വിശപ്പും ദാഹവും പോലെ സ്രഷ്ടാവിന് പ്രിയങ്കരമായ മറ്റൊരു പ്രവൃത്തിയുമില്ല (ഇഹ്്യ). അല്‍പ്പം ഭക്ഷണം കഴിക്കുകയും ചിരി ചുരുക്കുകയും ചെയ്യുന്നവരാണ് മനുഷ്യകുലത്തില്‍ ഏറ്റവും ഉന്നതരെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.

വിശപ്പിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ ലോകത്ത് നടന്നിട്ടുണ്ട്. ഉപവാസത്തെ ഏറ്റവും നല്ല ചികിത്സാ രീതിയായിട്ടാണ് വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി ലോകം വാഴ്ത്തുന്ന ‘ഹിപ്പോക്രാറ്റസ്’ ശരീരത്തിനെ സുഖപ്പെടുത്തുന്ന മികച്ച ചികിത്സാരീതിയെന്നാണ് ഉപവാസത്തെ വിശേഷിപ്പിച്ചത്. സോക്രട്ടീസ്‌, മോറിസ്‌ ഫ്രഡ്‌മാന്‍ തുടങ്ങിയവർ തങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും കായികശക്തി വർധിപ്പിക്കുന്നതിനും ഉപവാസത്തെയാണ് അവലംബിച്ചത്.

Latest