Connect with us

Kerala

തൊഴില്‍ എന്നതിനപ്പുറം സാമൂഹിക സേവനമാണ് ആരോഗ്യ രംഗം: ആരോഗ്യ മന്ത്രി

ഈ വര്‍ഷം എം ബി ബി എസ് ക്ലാസ് ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജിനെ പോസ്റ്റ് ഗ്രാജ്വേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുമെന്ന് മന്ത്രി.

Published

|

Last Updated

പത്തനംതിട്ട | തൊഴില്‍ എന്നതിനപ്പുറം സാമൂഹിക സേവനമാണ് ആരോഗ്യരംഗമെന്ന് എം ബി ബി എസ് വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട-കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ച് എം ബി ബി എസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കോളജിലെ ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം വിദ്യാര്‍ഥികളുടെയും നാടിന്റെയും സ്വപ്ന സാഫല്യമാണ്. ഈ വര്‍ഷം എം ബി ബി എസ് ക്ലാസ് ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജിനെ പോസ്റ്റ് ഗ്രാജ്വേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇതു സാധ്യമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പത്തനംതിട്ട-കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മറിയം വര്‍ക്കി, ഡി എം ഇ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ റഷീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി വി രാജേന്ദ്രന്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, കോന്നി ഗവ. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ്, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എം ബി ബി എസ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ 79 വിദ്യാര്‍ഥികളെ ആശുപത്രി കവാടത്തില്‍ വച്ച് മന്ത്രിയും എം എല്‍ എയും കലക്ടറും അടങ്ങുന്ന സംഘം സ്വീകരിച്ചു. ഇനി രണ്ട് അലോട്ട്‌മെന്റുകള്‍ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കല്‍ കോളജില്‍ 100 സീറ്റാണ് അനുവദിച്ചത്.