Editorial
ജീവൻ കാര്‍ന്നു തിന്നുന്ന ആരോഗ്യ സപ്ലിമെന്റുകള്‍
ശരീരത്തിന്റെ ആരോഗ്യവും ഫിറ്റ്‌നസ്സും മെച്ചപ്പെടുത്താനുള്ള വ്യഗ്രതയില്‍ വാങ്ങിക്കഴിക്കുന്ന ആരോഗ്യ സപ്ലിമെന്റുകള്‍ വിപരീത ഫലമുളവാക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ സി എം ആര്‍) നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും (എന്‍ ഐ എന്‍) മുന്നറിയിപ്പ് നല്‍കുന്നു.
കേരളത്തിന്റെ വിപണി കൈയടക്കിയ ഉത്പന്നങ്ങളാണ് ആരോഗ്യ -ഡയറ്ററി സപ്ലിമെന്റുകള്‍. പോഷകാഹാരങ്ങളുടെ പോരായ്മകള്‍ നികത്താന്‍, ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കാന്‍, എല്ലിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍, സൗന്ദര്യ വര്‍ധനവിന്, പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തുടങ്ങിയ അവകാശവാദങ്ങളോടെ ഗുളികകള്‍, ഗമ്മികള്‍, പൊടികള്‍, പാനീയങ്ങള്‍ തുടങ്ങി വിവിധ രൂപത്തില്‍ ഇവ മാര്‍ക്കറ്റിലിറങ്ങുന്നുണ്ട്. ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും ലൈംഗിക ശേഷിയും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയുടെ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ് ആരോഗ്യ സപ്ലിമെന്റുകള്‍. കൊവിഡിന്റെ വരവോടെ പ്രത്യേകിച്ചും. കൊവിഡിനെ തുടര്‍ന്ന് നഷ്ടമായ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ ഇത്തരം ഉത്പന്നങ്ങള്‍ സഹായകമെന്നാണ് വിശ്വസിക്കപ്പെടുന്നത്. രോഗത്തിന് മരുന്നുകള്‍ക്കു പുറമെ ആരോഗ്യ സപ്ലിമെന്റുകള്‍ കുറിച്ചു കൊടുക്കുന്ന ഡോക്ടര്‍മാരുമുണ്ട് ഇപ്പോള്‍.
എന്നാല്‍ വളരെ ശ്രദ്ധിച്ചും ആവശ്യകത കൃത്യമായി മനസ്സിലാക്കിയും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരവുമായിരിക്കണം ആരോഗ്യ സപ്ലിമെന്റുകള്‍ ഉപയോഗിക്കേണ്ടതെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. ഒരു വ്യക്തിയുടെ ശാരീരിക പോഷണത്തിനാവശ്യമായ വൈറ്റമിനുകളും മറ്റു ഘടങ്ങളും പ്രാഥമികമായി ഭക്ഷണത്തിലൂടെയാണ് നിറവേറ്റപ്പെടേണ്ടത്. പയറുത്പന്നങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുട്ട തുടങ്ങി പ്രൊട്ടീനുകളാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക്, അവരുടെ ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. സമീകൃത ആഹാരങ്ങള്‍ കഴിക്കുന്നവര്‍ക്ക് ആരോഗ്യ സപ്ലിമെന്റുകള്‍ ആവശ്യമില്ല. രോഗബാധിതര്‍, ഗര്‍ഭധാരണ വേള, പ്രസവാനന്തര കാലഘട്ടം തുടങ്ങി ശരീരത്തിലെ പോഷക ഘടകങ്ങളില്‍ അസന്തുലിതാവസ്ഥ അനുഭവപ്പെടുന്ന സമയങ്ങളില്‍ മാത്രമേ സപ്ലിമെന്റുകള്‍ ഉപയോഗിക്കേണ്ടതുള്ളൂ. അതും ആവശ്യമായ അളവില്‍ മാത്രം.
ശരീരത്തിന്റെ ആരോഗ്യവും ഫിറ്റ്‌നസും മെച്ചപ്പെടുത്താനുള്ള വ്യഗ്രതയില്‍ വാങ്ങിക്കഴിക്കുന്ന ആരോഗ്യ സപ്ലിമെന്റുകള്‍ വിപരീത ഫലമുളവാക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ സി എം ആര്‍) നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും (എന്‍ ഐ എന്‍) മുന്നറിയിപ്പ് നല്‍കുന്നു. കുടല്‍ക്യാന്‍സര്‍, വൃക്ക തകരാറുകള്‍, നിര്‍ജലീകരണം, വയറിളക്കം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നുണ്ട് ഈ ഉത്പന്നങ്ങള്‍. വന്‍കുടല്‍ ക്യാന്‍സറില്‍ വന്‍വര്‍ധനവാണ് സമീപ കാലത്തായി അനുഭവപ്പെടുന്നത്. യുവാക്കള്‍ വിശിഷ്യാ ജിമ്മുകളില്‍ പോകുന്നവര്‍ വാങ്ങിക്കഴിക്കുന്ന ആരോഗ്യ സപ്ലിമെന്റുകള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്നാണ് ഇതുസംബന്ധമായി നടത്തിയ പഠനങ്ങളിലെ കണ്ടെത്തല്‍. ജിമ്മുകളില്‍ പോകുന്നവരില്‍ നല്ലൊരു വിഭാഗവും പേശീബലം വര്‍ധിപ്പിക്കാനായി വിവിധ ആരോഗ്യ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നവരാണ്.
ആരോഗ്യ സപ്ലിമെന്റുകളില്‍ പ്രധാന ഇനമാണ് ഫിഷ് ഓയിലുകള്‍ (മത്സ്യ എണ്ണകള്‍). ഇവയുടെ വര്‍ധിതമായ ഉപയോഗം സ്‌ട്രോക്കിനും ക്രമരഹിതമായ ഹൃദയതാളത്തിനും കാരണമായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. അമിത വണ്ണം കുറക്കാന്‍ ഫലപ്രദമെന്ന അവകാശവാദത്തോടെ വിപണിയിലിറങ്ങുന്ന സപ്ലിമെന്റ് ഗുളികകളില്‍ നിരോധിക്കപ്പെട്ട രാസവസ്തുക്കളുടെ സാന്നിധ്യമുള്ളതായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ കോളജ് പ്രൊഫസര്‍ പീറ്റര്‍ കോഹന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. നെഞ്ചുവേദന, ഹൃദായാഘാതം തുടങ്ങി ഗുരുതര രോഗങ്ങളാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍.
ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടാതെ അനിയന്ത്രിതമായി സപ്ലിമെന്റുകള്‍ കഴിക്കുന്നത് യുവജനങ്ങള്‍ക്കിടയില്‍ ഒരു ശീലമായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍, അവയുടെ നിര്‍മാണവും വിലയും നിയന്ത്രിക്കുന്ന തരത്തില്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്, ഇതുസംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി. നിലവില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ് എസ് എസ് എ ഐ) പരിധിയിലാണ് ആരോഗ്യ സപ്ലിമെന്റുകള്‍ വരുന്നത്. ഉത്പാദനത്തിന് ലൈസന്‍സ് നല്‍കുന്നതിനു മുമ്പ് സൂക്ഷ്മ പരിശോധന ഉറപ്പാക്കാനോ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് പിഴ ചുമത്താനോ എഫ് എസ് എസ് എ ഐക്ക് അധികാരമില്ല. ഇതിന് പരിഹാരമായി ഇത്തരം ഉത്പന്നങ്ങളെ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി ഡി എസ് സി ഒ) പരിധിയില്‍ കൊണ്ടുവരണമെന്നാണ് മുന്‍ ആരോഗ്യ സെക്രട്ടരി അപൂര്‍വ ചന്ദ്രയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ നിര്‍ദേശം. ഇതുവഴി ഉത്പാദനത്തിന് ലൈസന്‍സ് നല്‍കുന്നതിനു മുമ്പ് അവയില്‍ സൂക്ഷ്മ പരിശോധന നടത്താനാകും.
നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്കാണ് (എന്‍ പി പി എ) മരുന്നുകളുടെ വില നിയന്ത്രിക്കാനും മിതമായ നിരക്കില്‍ അവയുടെ ലഭ്യത ഉറപ്പ് വരുത്താനും അവകാശം. അതേ മരുന്ന് ആരോഗ്യ സപ്ലിമെന്റുകളുടെ ലേബലില്‍ വിപണിയില്‍ ഇറങ്ങിയാല്‍ അതോറിറ്റിക്ക് നടപടി എടുക്കാനാകില്ല. വില നിയന്ത്രണത്തില്‍ നിന്ന് രക്ഷപ്പെടാനായി പല മരുന്നു കമ്പനികളും അവരുടെ ഉത്പന്നങ്ങള്‍ മരുന്ന് വിഭാഗത്തില്‍ നിന്ന് സപ്ലിമെന്ററി വിഭാഗത്തിലേക്ക് മാറ്റി വരുന്നുണ്ട്. വിദഗ്ധ സമിതി ശിപാര്‍ശ നടപ്പാക്കിയാല്‍ ഇത്തരം മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് സാധിക്കും. എന്നാല്‍ ആരോഗ്യ സപ്ലിമെന്റ് നിര്‍മാണ കമ്പനികളുടെ സമ്മര്‍ദത്തെ അതിജീവിച്ച് സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കുമോ? അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം തെളിഞ്ഞിട്ടും ഇത്തരം ഉത്പന്നങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നത് അവസാനിപ്പിക്കണം.