Kerala
ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണം; എന്‍ പ്രശാന്ത് ഐഎഎസിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍
വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം| ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എന്‍ പ്രശാന്ത് ഐ എ എസിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. 2024 നവംബര്‍ 11നാണ് എന്‍ പ്രശാന്ത് സസ്പെന്‍ഷനിലായത്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് സസ്പെന്‍ഷന്‍. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഹിയറിങ് ആവശ്യപ്പെട്ടത്.
ലൈവ് സ്ട്രീമിംഗും റെക്കോര്‍ഡിംഗും നടത്തണമെന്നായിരുന്നു എന്‍ പ്രശാന്തിന്റെ ആവശ്യം. എന്നാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായതിനാല്‍ രഹസ്യ സ്വഭാവമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. വ്യക്തിപരമായ ഹിയറിങ് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഐഎഎസ് സര്‍വീസ് ചട്ടത്തില്‍ അത്തരം കാര്യം പറയുന്നില്ലെന്നും തെളിവ് എന്ന നിലയില്‍ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നു. പൊതുതാല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്റെ ന്യായീകരണം.