National
ഗുജറാത്തില്‍ നവരാത്രി ആഘോഷ നൃത്തത്തിനിടെ ഹൃദയാഘാതം; 10 പേര്‍ മരിച്ചു
ഗുജറാത്തിലെ ഗര്‍ബ നൃത്തങ്ങള്‍ ഹൃദയാഘാത മരണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
ഗാന്ധിനഗര്‍| ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിനിടെ ഗര്‍ബ നൃത്തം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. മരിച്ചവരില്‍ കൗമാരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ 13 വയസുകാരനും 17 വയസുകാരനുമുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് 108 എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിലേക്ക് 521 കോളുകളാണ് വന്നത്. വൈകുന്നേരം ആറ് മണിക്കും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയിലാണ് ഈ കോളുകള്‍ എത്തിയത്.
ഗര്‍ബ ആഘോഷങ്ങള്‍ക്ക് വേദിയാവുന്നതിന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളോട് എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് സജ്ജമായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഡോക്ടര്‍മാരുടേയും ആംബുലന്‍സിന്റേയും സേവനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഗുജറാത്തിലെ ഗര്‍ബ നൃത്തങ്ങള്‍ ഹൃദയാഘാത മരണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മുന്‍കാല ആരോഗ്യപ്രശ്നങ്ങള്‍, നീണ്ട മണിക്കൂറുകളുടെ ഉപവാസം, അനാരോഗ്യകരമായ ഭക്ഷണം, ഹൃദയസംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവ കാരണമാണ് മരണം സംഭവിക്കുന്നത്.