Connect with us

cardiac health

സ്ത്രീകളിലെ ഹൃദ്രോഗം: കൂടുതൽ ശ്രദ്ധ നൽകണമെന്ന് വിദഗ്‌ധർ

അമിതമായ വ്യായാമം ദോഷമായി ബാധിക്കും

Published

|

Last Updated

കൊച്ചി | സ്ത്രീകളിലെ ഹൃദ്രോ ഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്ന് കാർഡിയോളജി വിദഗ്‌ധർ. ഹൃദയ പേശികൾക്ക് രക്തം നൽകുന്ന കൊറോണറി ധമനികളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നതും ചുരുങ്ങുന്നതും മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങൾ സ്ത്രീകളിൽ പലപ്പോഴും വ്യത്യസ്തമായ രീതിയിലാണ് പ്രകടമാകുന്നതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനത്തിലാണ് സ്ത്രീകളിലെ ഹൃദയാഘാതവും ലക്ഷണങ്ങളും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തത്.

യുവതികളായ സ്ത്രീകളിൽ പലപ്പോഴും കട്ടപിടിക്കുന്നതും ലയിക്കുകയും വീണ്ടും കട്ട പിടിക്കുയും ചെയ്യുന്ന അസ്ഥിരമായ ബ്ലോക്കുകൾ കണ്ടു വരുന്നുണ്ടെന്ന് സി എസ്‌ ഐ ദേശീയ പ്രസിഡന്റ് ഡോ. പി പി മോഹനൻ പറഞ്ഞു. രക്തപ്രവാഹവും ഹൃദയപേശികളിലേക്കുള്ള ഓക്‌സിജൻ വിതരണവും ഇടക്കിടെ തടസ്സപ്പെട്ട് നെഞ്ചിൽ അസ്വസ്ഥതയുണ്ടാവുന്നു.
പുരുഷന്മാരിൽ പൂർണമായോ ഭാഗികമായോ ബ്ലോക്ക് രൂപപ്പെട്ട് നെഞ്ച് വേദനയും ഹൃദയാഘാതവും ഉണ്ടാവുന്നത് പോലെയല്ല ഇത്. ഉയർന്ന കൊളസ്‌ട്രോൾ അളവുമായി ഇതിന് കാര്യമായ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളിലെ ഈ ലക്ഷണങ്ങൾ സ്വാഭാവികമായും അവഗണിക്കപ്പെടുന്നുണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ പെട്ടെന്നുള്ള ഹൃദയസംബന്ധമായ മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യാനുള്ള പ്രധാന കാരണവും ഇതാണെന്നും കാർഡിയോളജി വിദഗ്‌ധർ പറഞ്ഞു.

സ്ത്രീകളിൽ, പ്രത്യേകിച്ച് 40 വയസ്സിന് മുകളിലുള്ളവരെ കൃത്യമായ വൈദ്യ പരിശോധനക്ക് വിധേയരാക്കി രോഗ സാധ്യതകൾ നേരത്തേ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടി. അമിതമായ വ്യായാമങ്ങളും കായികാധ്യാനവും ഹൃദയത്തെ ദോഷമായി ബാധിച്ച് ഹൃദയാഘാതമുണ്ടാക്കുമെന്ന് കാർഡിയോളജി വിദഗ്‌ധനായ ഡോ. ജോ ജോസഫ് വിശദീകരിച്ചു. ഡോ. സുജയ് രംഗ ശാരീരിക വ്യായാമത്തിന്റെ സുരക്ഷിതമായ ഉയർന്ന പരിധി സംബന്ധിച്ച ചർച്ചകൾ നയിച്ചു. കാർഡിയോളജി രംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ഉൾക്കൊള്ളുന്ന 25 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ജോണി ജോസഫ് അധ്യക്ഷത വഹിച്ചു.

ഡോ. ആർ അനിൽകുമാർ, ഡോ. എം സുൽഫിക്കർ അഹമ്മദ്, ഡോ. സി പി കരുണാദാസ്, ഡോ. ജോ ജോസഫ് സംസാരിച്ചു. നൂറിലധികം വിദഗ്ധ കാർഡിയോളജിസ്റ്റുകളും, ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തു.

Latest