Vazhivilakk
ഹൃദയാരോഗ്യം
ആരോഗ്യത്തിന് ഹാനികരമാകുന്ന യാതൊന്നും ഇസ്്ലാമിക അധ്യാപനങ്ങളിലില്ലെന്ന് ചുരുക്കം. ജീവിതത്തിരക്കുകൾക്കിടയിൽ ഹൃദയാരോഗ്യം ശ്രദ്ധിക്കാൻ പലരും മറന്നുപോകുന്നു.
ലോകാരോഗ്യ സംഘടന ആരോഗ്യത്തിന് നൽകിയ നിർവചനം “മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി’ എന്നാണ്. ഓരോരുത്തർക്കും സമഗ്ര ആരോഗ്യം സാക്ഷാത്കരിക്കുന്നതിനുള്ള സമ്പൂർണ ദര്‍ശനമാണ് വിശുദ്ധ ഇസ്്ലാമിന്റെത്. ശരീരവും വസ്ത്രവും പരിസരവും അന്നപാനീയങ്ങളും ഹൃദയവും സംശുദ്ധമായിരിക്കുമ്പോഴാണ് അത് സാധ്യമാകുന്നത്. ഇസ്്ലാമിലെ ശുചിത്വ ബോധം ഉന്നതമാണ്. ശുദ്ധി വരുത്തുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ശുചിത്വത്തെ വിശ്വാസത്തിന്റെ പാതിയായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തെറ്റായ ആസക്തികളെയും ദുര്‍വികാരവിചാരങ്ങളെയും ദുഷ്ചെയ്തികളെയും പൂർണമായും വെടിയുമ്പോഴാണ് ശുദ്ധീകരണ പ്രക്രിയ പൂർണമാകുന്നത്. ചുരുക്കത്തിൽ ഏതൊരാൾക്കും തികഞ്ഞ മാനസിക-ശാരീരിക സൗഖ്യം പ്രദാനം ചെയ്യുന്നതാണ് ഇസ്്ലാമിലെ ആരോഗ്യശാസ്ത്രം. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ഇണകള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, നാട്ടുകാർ, ഗുരുനാഥന്മാര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോടും പരിസ്ഥിതിയോടുമെല്ലാമുള്ള ബാധ്യതകള്‍ യഥോചിതം നിറവേറ്റുന്ന സാമൂഹിക സാഹചര്യത്തിൽ അനാരോഗ്യ പ്രശ്നങ്ങൾ നന്നേ കുറയും. ആരോഗ്യത്തിന് ഹാനികരമാകുന്ന യാതൊന്നും ഇസ്്ലാമിക അധ്യാപനങ്ങളിലില്ലെന്ന് ചുരുക്കം.
ജീവിതത്തിരക്കുകൾക്കിടയിൽ ഹൃദയാരോഗ്യം ശ്രദ്ധിക്കാൻ പലരും മറന്നുപോകുന്നു. ഹൃദയത്തെ സംരക്ഷിക്കലും ആരോഗ്യകരമായി നിലനിര്‍ത്തലും ഏതൊരാൾക്കും അനിവാര്യമാണ്. കൃത്യമായ വ്യായാമവും ദിനചര്യകളും ഹൃദയമിടിപ്പ് കൂട്ടുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കുറക്കുകയും ചെയ്യും. അതോടൊപ്പം നേരവും കാലവും നോക്കിയുള്ള ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ ശീലമാക്കുകയും വേണം. കൂടാതെ, വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പച്ചിലകളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും പോഷകങ്ങൾ കുറഞ്ഞ ജങ്ക് ഫുഡുകൾ പൂർണമായും ഒഴിവാക്കുകയും വേണം. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ഇടക്കിടെ വെള്ളം കുടിക്കണം.
നിത്യവും വ്യായാമം ചെയ്യുന്നത് രക്തധമനികളില്‍ ക്ലോട്ട് ഉണ്ടാകാതിരിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കും. അനാവശ്യമായ ടെന്‍ഷനുകളും സമ്മര്‍ദങ്ങളും നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറക്കുകയും ചെയ്യും.
ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. സ്രഷ്ടാവിന്റെ മഹത്തായ അനുഗ്രഹങ്ങളിലൊന്നാണത്. വിശ്വാസത്തിനു ശേഷം ഏറ്റവും വലിയ അനുഗ്രഹം ശാരീരിക സൗഖ്യമാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. കാരണം, നല്ല ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് രൂപപ്പെടുന്നത്. ആരോഗ്യമുള്ള മനസ്സുള്ളവർക്കാണ് കാതലുള്ള വ്യക്തിത്വമുണ്ടാകുന്നതും ആരാധനകൾക്ക് മാധുര്യമുണ്ടാകുന്നതും.
ജനങ്ങളിൽ അധികപേരും ആരോഗ്യത്തെക്കുറിച്ച് അജ്ഞരാണ്. വഞ്ചിതരാവുന്ന രണ്ട് മഹാ അനുഗ്രഹങ്ങളിൽ ആരോഗ്യത്തെ തിരുനബി(സ്വ) പരിചയപ്പെടുത്തിയിട്ടുണ്ട്. (ബുഖാരി) ഹൃദയത്തിന് രണ്ടുതരം രോഗം പിടിപെടുമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു. ഒന്നാമത്തേത് ശരീരത്തെ ബാധിക്കുന്ന രോഗവും രണ്ടാമത്തേത് ആത്മാവിനെ നശിപ്പിക്കുന്ന രോഗവും. ഹൃദയത്തിന് രോഗം വരാതെ കാത്തുസൂക്ഷിക്കണമെന്നും രോഗം ബാധിച്ചാൽ യഥാസമയം ചികിത്സ നൽകണമെന്നും അല്ലാതിരുന്നാൽ രോഗങ്ങൾ കുമിഞ്ഞുകൂടുകയും അത് നാശത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് മഹാൻ ഉണർത്തുന്നുണ്ട്. നുഅ്മാനുബ്നു ബശീർ(റ)വിൽ നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: “ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവനും ദുഷിച്ചു. അറിയുക, അത് ഹൃദയമാണ്.’ (ബുഖാരി) രോഗത്തിൽ വ്യാകുലപ്പെട്ട് നിരാശരാകരുത്. രോഗം പിടിപെട്ടാൽ ചികിത്സ തേടുകയാണ് വേണ്ടത്. ജാബിർ(റ)വിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: “എല്ലാ രോഗങ്ങൾക്കും പരിഹാരമുണ്ട്. ശരിയായ മരുന്ന് പ്രയോഗിച്ചാൽ അല്ലാഹുവിന്റെ തീരുമാനപ്രകാരം ആ രോഗം സുഖപ്പെടുന്നതാണ്. (മുസ്‌ലിം)