Editors Pick
ഹൃദയമേ... ഈ കുടുംബ സ്നേഹത്തിനു ബദലില്ല..
ജീവിതാഭിലാശമായ ഹജ്ജിനായി സ്വരൂപിച്ച തുക മുഴുവൻ കുടുംബസ്നേഹത്തിനായി മാറ്റി വെച്ച കഥ കേൾക്കണോ?? അതും ഒരിക്കൽ അല്ല, മൂന്ന് തവണ.
ഹജ്ജ് രജിസ്‌ട്രേഷനും അനുബന്ധ നടപടി ക്രമങ്ങളും വിവരിച്ചു നൽകാനുള്ള, റിയാദ് ഐ സി എഫിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്, അൽ ഖർജിൽ നിന്നുള്ള കണ്ണൂർ ഇരിട്ടി സ്വദേശി ആരും അനുകരിക്കാൻ കൊതിക്കുന്ന സ്നേഹത്തിന്റെ കഥ പങ്ക് വെച്ചത്.
പ്രവാസികളുടെ ജീവിതലക്ഷ്യത്തിൽ ഏറ്റവും പ്രധാനമായ വീടെന്ന സ്വപ്‍ന സാക്ഷ്യത്കാരം സാധ്യമാക്കിയാണ് സുഹൃത്ത് ഈ വർഷത്തെ ഹജ്ജിനായി ഒരുങ്ങിയത്. കാക്കകൾ കൂട് കൂട്ടും പോലെ സ്വരു കൂടിയതിനാൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പാക്കേജ് ആയിരുന്നു അയാളുടെ ലക്ഷ്യം. ബുക്കിങ്ങും പൂർത്തിയാക്കി പണമടക്കാൻ തയ്യാറായി നിൽക്കുമ്പോൾ ആണ് നാട്ടിൽ നിന്നുള്ള ആ ദുഃഖ വാർത്ത അദ്ദേഹത്തെ തേടി എത്തിയത്.
ഇരിട്ടി കിളിയന്തറയിൽ നടന്ന വാഹനാംപകടത്തിൽ പെട്ട് സഹോദരിയും മറ്റു ഉറ്റവരും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. സഹോദരിക്ക് കാര്യമായ പരിക്ക് ഉള്ളതിനാൽ പെട്ടെന്ന് തന്നെ ശസ്ത്രക്രിയ വേണം. മറ്റുള്ളവർക്കും സാരമായ പരിക്കുണ്ട്. നല്ലൊരു സംഖ്യ തന്നെ വേണം.. മറ്റൊന്നും ആലോചിച്ചില്ല. സ്വന്തം കൂടെപ്പിറപ്പുകളുടെ ചികിത്സക്കായി ഉള്ളതെല്ലാം നാട്ടിലേക്ക് അയച്ചു.
ഇക്കഥ കേട്ടപ്പോൾ.. മനസിൽ വല്ലാത്തൊരു നൊമ്പരം.. ആശ്വാസ വാക്കുകൾ നൽകി ആശ്വസിപ്പിക്കാൻ ആവില്ലന്ന് ഉറപ്പാണെങ്കിലും കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്താനായി
നേരിൽ ബന്ധപ്പെട്ടപ്പോഴാണ് ഈ പ്രവാസിയുടെയും കുടുംബ സ്നേഹത്തിന്റെ ആഴമറിയുന്നത്. ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്ന ഇക്കാലത്ത് കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് റാഫി സഖാഫിയുടെ സമർപ്പണത്തിന്റെ വിലയറിയുന്നത്. ഇത് മൂന്നാം തവണയാണ്, ആശിച്ച, മോഹിച്ച, പ്രാർത്ഥിച്ച വലിയ സ്വപ്നം കയ്യെത്തും ദൂരത്ത് നിന്ന് പറന്നകലുന്നത്..
ആദ്യമായി ഹജ്ജിന് ഒരുങ്ങിയപ്പോൾ ആണ്, സഹോദരിയുടെ വിവാഹം ഉറപ്പിക്കുന്നത്. ആദ്യ സ്വപ്നം, രക്തബന്ധത്തിന്റെ ശാശ്വത ഭാവിക്കായി അവിടെ ഉടച്ചു. അവരെ നല്ല രീതിയിൽ കെട്ടിച്ചയച്ചു. അവിടുന്ന് വർഷങ്ങൾക്ക് ശേഷമാണ് ഹജ്ജിനായുള്ള രണ്ടാം ശ്രമം. എല്ലാം ശെരിയാക്കി, ഉപ്പയോടും ഉമ്മയോടും അനുമതി ചോദിച്ചപ്പോൾ അവരുടെ മുഖത്ത് സന്തോഷവും സങ്കടവും കൂടികുഴഞ്ഞ വല്ലാത്തൊരു ഭാവം.. സങ്കടത്തിന്റെ കാര്യം അന്വേഷിച്ചപ്പോൾ ഹൃദയം നുറുങ്ങുന്ന വാക്കുകൾ..
ഞങ്ങൾക്ക് പ്രായമാകുന്നു, നിനക്ക് ഈ ചെറുപ്പത്തിൽ തന്നെ അതിനുള്ള ഭാഗ്യം ലഭിച്ചല്ലോ, എന്നായിരുന്ന അവരുടെ വാക്കുകൾ. തന്റെ ഭാഗ്യത്തെക്കാൾ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കുന്ന ആ മകൻ, തന്റെ കിനാവുകൾക്ക് മനപൂർവ്വം തീയിട്ടു. ആ ഹജ്ജ് റദ്ദാക്കി, സഹോദരങ്ങളുടെ കൂടെ സഹായത്താൽ അതേ വർഷംതന്നെ രണ്ടുപേരെയും ഹജ്ജിന് കൊണ്ട് വന്നു.
കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന ഈ അണുകുടുംബ യുഗത്തിലും, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെ ഐക്യത്തിന്റെയും ഉറവ വറ്റിയിട്ടില്ലെന്നാണ് റഹീം സഖാഫി സമൂഹത്തെ ബോധ്യപ്പെടുത്തുന്നത്. ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫിയുടെയും മറ്റും,
പ്രതീക്ഷകൾ കൈവിടരുതെന്ന
നിർദേശത്തെ തുടർന്ന് റാഫി സഖാഫി വീണ്ടും ഹജ്ജിനായി ബുക്ക് ചെയ്തിട്ടുണ്ട്. കുടുംബ ബന്ധത്തിന്റെ ഉദാത്ത മാതൃക കാഴ്ച വെച്ച ആ മഹാ മനീഷിക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.