Articles
ഹൃദയപൂർവം
1976ൽ കൊല്ലത്തെ പത്ത് വയസ്സുകാരി മേഴ്സിയുടെ തുറന്ന ഹൃദയ ശസ്ത്രക്രിയയാണ് വല്ലത്താൻ ആദ്യം നടത്തിയത്. പിന്നീട് ഓരോ വർഷവും 600 മുതൽ 700 വരെ ഓപ്പൺ ഹാർട്ട് സർജറികൾ. ഹൃദയം "റിപ്പയർ' ചെയ്യാൻ കഴിയുന്ന അവയവമാണെന്ന ബോധ്യം സമൂഹത്തിൽ വിശേഷിച്ചും മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ ഈ ആതുരസേവകൻ വഹിച്ച പങ്ക് വളരെ വലുതാണ്.
ആയിരക്കണക്കിന് മനുഷ്യരുടെ ഇടനെഞ്ചിൽ തുടിക്കുന്ന ഒരാൾ. മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ എന്ന ഡോ. എം എസ് വല്യത്താൻ ഹൃദയാരോഗ്യ മേഖലക്ക് നൽകിയ സംഭാവനകൾ നിസ്തുലം. ഹൃദയ സംബന്ധമായ അസുഖമുണ്ടായാൽ പിടഞ്ഞുവീണ് മരിക്കുകയേ വഴിയുള്ളൂ എന്ന നിലയിൽനിന്ന് ചികിത്സിച്ചാൽ സമ്പൂർണ ആരോഗ്യത്തിലേക്ക് മടങ്ങി വരാൻ കഴിയും വിധം ഈ മേഖലയെ പുഷ്ടിപ്പെടുത്തിയാണ് വല്യത്താൻ മടങ്ങുന്നത്.
1972 ൽ അമേരിക്കയിൽനിന്ന് കാർഡിയാക് സർജറി പഠനം കഴിഞ്ഞ് ചെന്നൈ ഐ ഐ ടിയിൽ പ്രൊഫസറും മദ്രാസ് റെയിൽവേ ആശുപത്രിയിൽ സർജനും എന്ന ഇരട്ടജോലിയുമായാണ് ഇന്ത്യയിലേക്ക് വല്യത്താൻ മടങ്ങിയെത്തുന്നത്. വർഷങ്ങളുടെ പ്രയത്‌നത്താൽ ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടായി തിരുവനന്തപുരത്തെ ശ്രീചിത്രയെ ഉയർത്തി. ശ്രീചിത്രയിൽ അദ്ദേഹം വികസിപ്പിച്ച കൃത്രിമ ഹൃദയ വാൾവ് ഇന്ന് ഒന്നരലക്ഷത്തിലേറെ ഹൃദയങ്ങളിൽ ജീവന്റെ മിടിപ്പേകുന്നു.
1976ൽ കൊല്ലത്തെ പത്ത് വയസ്സുകാരി മേഴ്സിയുടെ തുറന്ന ഹൃദയ ശസ്ത്രക്രിയയാണ് വല്ലത്താൻ ആദ്യം നടത്തിയത്. പിന്നീട് ഓരോ വർഷവും 600 മുതൽ 700 വരെ ഓപ്പൺ ഹാർട്ട് സർജറികൾ. ഹൃദയം “റിപ്പയർ’ ചെയ്യാൻ കഴിയുന്ന അവയവമാണെന്ന ബോധ്യം സമൂഹത്തിൽ വിശേഷിച്ചും മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിൽ ഈ ആതുരസേവകൻ വഹിച്ച പങ്ക് വളരെ വലുതാണ്. അക്കാലത്ത് ഇറക്കുമതി ചെയ്ത ഹൃദയവാൽവാണ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്. ഇത് ചെലവേറിയ പ്രക്രിയയാണ്. ആശുപത്രിയിൽ വരുന്നവരാകട്ടെ കൂടുതലും ദരിദ്രരും. മാസത്തിൽ അഞ്ഞൂറോളം ഹൃദയവാൾവ് മാറ്റിവെക്കൽ ആവശ്യമുള്ള രോഗികൾ ആശുപത്രിയിൽ കിടക്കുന്നു. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് കൃത്രിമ വാൾവ് നിർമിക്കാനുള്ള ശ്രമം വല്യത്താൻ തുടങ്ങുന്നത്.
ഒരു ദിവസം ഹൃദയം രക്തം പമ്പുചെയ്യാൻ ഒരു ലക്ഷം പ്രാവശ്യം വാൾവ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. ഒരു കൃത്രിമ വാൾവിന് കുറഞ്ഞത് പത്ത് വർഷം ആയുസ്സുണ്ടാകണം. പ്രവർത്തനം കൃത്യവുമായിരിക്കണം. 1982 ലാണ് വാൾവ് വികസിപ്പിക്കാനുള്ള ശ്രമം ശ്രീചിത്രയിൽ തുടങ്ങിയത്.
ക്രോമിയം കൊബോൾട്ട് അലോയ് ഉപയോഗിച്ച് വാൾവിന്റെ ഫ്രെയിമും നേർത്ത പ്ലാസ്റ്റിക്കുകൊണ്ട് വാൾവും ഉണ്ടാക്കി. 1300 വാൾവ് ഇപ്പോൾ പ്രതിമാസം ഇവിടെ നിർമിക്കുന്നുണ്ട്. ഇത് ഹൃദയാരോഗ്യരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെച്ചു. 1990 ലാണ് മനുഷ്യശരീരത്തിൽ ആദ്യത്തെ കൃത്രിമ ഹൃദയ വാൾവ് ഘടിപ്പിച്ചത്. ഇതോടെ ഇന്ത്യയിലെ അഞ്ച് മെഡിക്കൽ കോളജുകളിൽ ഈ വാൾവ് ഉപയോഗിക്കാൻ അനുമതിയായി.
മാവേലിക്കരയിൽ ജനിച്ച്, തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു 1956ൽ എം ബി ബി എസ് പാസായി. ലിവർപൂളിലും ഇംഗ്ലണ്ടിലും സർജനായിരുന്നു. 1993 മുതൽ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ ആദ്യ വൈസ് ചാൻസലറായി ചുമതലയേറ്റു. അലോപ്പതിയുടെ പ്രയോക്താവായിരുന്ന വല്യത്താൻ പിന്നീട് ആയുർവേദത്തിന്റെ പൊരുളന്വേഷിക്കുകയും ഈ ചികിത്സാ മേഖലയിൽ വിജയിക്കുകയും ചെയ്തു.
ഡോ. എം എസ് വല്യത്താന്റെ പിൽക്കാല ഗവേഷണങ്ങൾ മുതൽക്കൂട്ടായത് ആയുർവേദത്തിനാണ്. മണിപ്പാൽ സർവകലാശാല വൈസ് ചാൻസലർ പദവി ഒഴിഞ്ഞശേഷമാണ് ആയുർവേദത്തെക്കുറിച്ച് ഗൗരവ പഠനം തുടങ്ങിയത്. വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് ഉൾപ്പെടെയുള്ള പണ്ഡിതരിൽനിന്നും ആയുർവേദം അഭ്യസിച്ചു. ലെഗസി ഓഫ് ചരക, ലെഗസി ഓഫ് സുശ്രുത, ലെഗസി ഓഫ് വാഗ്ഭട എന്നീ ഗ്രന്ഥങ്ങൾ അതിന്റെ ഫലശ്രുതികൾ. ആയുർവേദത്തിനൊരു ആമുഖം എന്ന ഗ്രന്ഥവും രചിച്ചു.
ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. രാജ്യം 2002ൽ പദ്മശ്രീയും 2005ൽ പദ്മവിഭൂഷണും നൽകി ആദരിച്ചു. മരിച്ചാൽ തന്റെ ശരീരം പൊതുദർശനത്തിനോ ഔദ്യോഗിക ബഹുമതികൾക്കോ നൽകരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 1960 കളിൽ യു എസിലെത്തി ഗവേഷണരംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ച ഡോ. വല്യത്താൻ 1972 ൽ ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. സേവനം സ്വന്തം നാടിനുനൽകണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു മടക്കം.