Connect with us

From the print

കടലിലും ഉഷ്ണതരംഗം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ നശിക്കുന്നു

മത്സ്യബന്ധന മേഖലകളെ ബാധിക്കും.

Published

|

Last Updated

കൊച്ചി | കടലിലെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്‍ വന്‍തോതില്‍ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി എം എഫ് ആര്‍ ഐ) പഠനത്തില്‍ കണ്ടെത്തി. സമുദ്രത്തിലെ താപനില അസാധാരണമാം വിധം ഏറെക്കാലം ഉയര്‍ന്നുനില്‍ക്കുന്ന അപൂര്‍വ കാലാവസ്ഥാ സ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങള്‍ സമുദ്രത്തിലെ ജൈവ വൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

താപ സമ്മര്‍ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡി എച്ച് ഡബ്ല്യൂ) സൂചകം ലക്ഷദ്വീപില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും അതുവഴി വൈവിധ്യമാര്‍ന്ന സമുദ്ര ജൈവസമ്പത്തിന്റെ തകര്‍ച്ചക്കും വഴിയൊരുക്കുന്നത്.

അമിതമായ താപ സമ്മര്‍ദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആല്‍ഗകള്‍ നശിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് സി എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഡി എച്ച് ഡബ്ല്യൂ 12 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരുകയാണെങ്കില്‍ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സി എം എഫ് ആര്‍ ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. കെ ആര്‍ ശ്രീനാഥ് പറഞ്ഞു.

അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്ര പ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സി എം എഫ് ആര്‍ ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഷല്‍ട്ടണ്‍ പാദുവ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്്‌ടോബര്‍ 27 മുതല്‍ ലക്ഷദ്വീപില്‍ ഈ സാഹചര്യമാണുള്ളത്.പവിഴപ്പുറ്റ് പോലുള്ള സമുദ്ര ജൈവ വൈവിധ്യങ്ങളുടെ തകര്‍ച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇത് തീരദേശ സമൂഹത്തിന് ഉപജീവനത്തിന് ഭീഷണിയാണ്.

കടല്‍പ്പുല്ല് പോലെയുള്ള മറ്റ് സമുദ്ര സമ്പത്തിനും ഉഷ്ണതരംഗം ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യം കടല്‍ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനില്‍പ്പിനെ ഇത് അപകടത്തിലാക്കും.

ഗവേഷണത്തിന് സി എം എഫ് ആര്‍ ഐ
ഇന്ത്യയിലെ വിവിധ പവിഴപ്പുറ്റുകളുടെ പ്രതിരോധശേഷിയെക്കുറിച്ച് പഠിക്കാന്‍ സമഗ്ര ദേശീയ ഗവേഷണ പദ്ധതിയുമായി സി എം എഫ് ആര്‍ ഐ. പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങള്‍ സി എം എഫ് ആര്‍ ഐ നടത്തുന്നുണ്ട്.

വിപുലമായ കാലാവസ്ഥാ മോഡലിംഗ്, പാരിസ്ഥിതിക ഗവേഷണം എന്നിവ സമന്വയിപ്പിച്ച് പവിഴപ്പുറ്റുകളുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠന- പരിപാലന പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

 

Latest