Connect with us

smriti

തിരസ്കൃതരുടെ ആകാശവും ഭൂമിയും

വനവിഭാഗത്തിൽ നിന്ന് നവഭാവുകത്വത്തോടെ കടന്നുവരികയും ഗോത്ര യാഥാർഥ്യങ്ങളുടെ അനേകം അടരുകൾ ഉള്ളുരുക്കുന്ന ഭാഷയിൽ കഥകളായും നോവലായും നാരായൻ പകർത്തി. കാടോര ജീവിതം നമ്മുടെ സാഹിത്യത്തിൽ മുന്പ് കടന്നുവന്നിട്ടുണ്ടെങ്കിലും ജീവിതം കൊണ്ടും അനുഭവം കൊണ്ടും ഗോത്രവർഗ പ്രതിനിധാനമായി മാറുന്ന എഴുത്ത് നാരായനിലൂടെയാണ് മലയാളം ആദ്യമായി ഏറ്റുവാങ്ങുന്നത്.

Published

|

Last Updated

മലയോര മണ്ഡലത്തിന്റെ ജീവിതവും സംസ്കാരവും അതിജീവനവും പ്രതിരോധവും അനുഭവജന്യമായ ആധികാരികതയോടെ ആവിഷ്കരിച്ച് മലയാള ഭാവനക്ക് പുതിയ ആകാശവും പുതിയ ഭൂമിയും സമ്മാനിച്ച എഴുത്തുകാരനാണ് നാരായൻ. വനവിഭാഗത്തിൽ നിന്ന് നവഭാവുകത്വത്തോടെ കടന്നുവരികയും ഗോത്ര യാഥാർഥ്യങ്ങളുടെ അനേകം അടരുകൾ ഉള്ളുരുക്കുന്ന ഭാഷയിൽ കഥകളായും നോവലായും അദ്ദേഹം പകർത്തി. കാടോര ജീവിതം നമ്മുടെ സാഹിത്യത്തിൽ മുന്പ് കടന്നുവന്നിട്ടുണ്ടെങ്കിലും ജീവിതം കൊണ്ടും അനുഭവം കൊണ്ടും ഗോത്രവർഗ പ്രതിനിധാനമായി മാറുന്ന എഴുത്ത് നാരായനിലൂടെയാണ് മലയാളം ആദ്യമായി ഏറ്റുവാങ്ങുന്നത്. പി വത്സലയുടെ നെല്ല്, കെ ജെ ബേബിയുടെ മാവേലിമൻറം, ടി സി ജോണിന്റെ ഉറാട്ടി, തേക്ക്, ഗദ്ദികപ്പാട്ടുകാരന്റെ കല്യാണം – അങ്ങനെ പല നോവലുകൾ ഗോത്ര ജീവിതത്തെ നിരീക്ഷിച്ച് എഴുതപ്പെട്ടവയാണ്.

കെ പാനൂർ രചിച്ച കേരളത്തിലെ ആഫ്രിക്ക, എന്റെ ഹൃദയത്തിലെ ആദിവാസി എന്നീ പുസ്തകങ്ങൾ ആദിവാസി ജനതയുടെ അറിയാത്ത അനുഭവങ്ങൾ പൊതു സമൂഹത്തിന്റെ മുന്നിലെത്തിച്ചവയാണ്. ഗോത്ര ജനത നൂറ്റാണ്ടുകളായി അനുഭവിച്ചുപോരുന്ന പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഗോത്രസ്വത്വമുള്ള ഒരാൾ സ്വന്തം രക്തം കൊണ്ടെഴുതിയതിന്റെ ഭാവനാ സാക്ഷ്യങ്ങളാണ് നാരായണന്റെ സാഹിത്യ സംരംഭങ്ങൾ. ആ അർഥത്തിൽ നാളിതു വരെ നമ്മുടെ സാഹിത്യം തിരിച്ചറിയാത്ത ഒരു നവീനതയും രചനാത്മകതയും അനുഭവത്തിന്റെ വിസ്മയ ലോകം ഈ എഴുത്തുകൾ തുറന്നിട്ടു. അതാകട്ടെ അനുഭവ വൈവിധ്യങ്ങളുടെ പടർപ്പുകളും പന്തലിപ്പുകളുമായി മുഖ്യധാരാ സാഹിത്യത്തെ പര്യാപ്തമാക്കുന്നവയായി മാറുന്നതോടൊപ്പം ആധുനിക അർഥത്തിലുള്ള ഗോത്ര സാഹിത്യം എന്നൊരു പുതിയ സാഹിത്യ വ്യവഹാരം സജീവമായി വരികയും ചെയ്തു.

ഇടുക്കി ജില്ലയിൽ മലയോരത്ത് ഏറ്റവും അടിത്തട്ടിൽ പുലരുന്ന വ്യത്യസ്ത ഗോത്രവിഭാഗത്തിന്റെ കണ്ണീരിന്റെയും ചോരയുടെയും കിനാവിന്റെയും കദന കഥകളാണ് നാരായൻ തന്റെ അനന്യസാധാരണമായ കൃതികളിലൂടെ പറഞ്ഞുവെച്ചത്. പ്രകൃതിയോട് മല്ലിട്ട് ജീവിച്ച ഗോത്ര സമൂഹത്തിന് പ്രകൃതി പ്രതിഭാസങ്ങളുടെ ഭീഷണിക്ക് പുറമെ വനപാലകർ, അധികാരികൾ, മത പരിവർത്തകർ തുടങ്ങിയവരുടെ നാഗരിക -പരിഷ്്കാര ചൂഷണത്തെയും നേരിടേണ്ടി വന്നതിന്റെ സത്യസന്ധമായ രേഖപ്പെടുത്തൽ ഈ എഴുത്തിൽ പ്രചലിതമായി നിൽക്കുന്നത് കാണാം.

കൊച്ചരേത്തി, വന്നല, ആരാണ് തോൽക്കുന്നവർ എന്നീ നോവലുകളിൽ ഇടുക്കിയിലെ മലയരയരുടെ ജീവിതവും സംസ്കാരവും പ്രതിരോധവുമാണ് ആവിഷ്കരിച്ചിട്ടുള്ളത്. ആത്മകഥാപരമായ നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചരേത്തിയിൽ നാല് തലമുറകളുടെ കഥയാണ് സത്യസന്ധമായി പറഞ്ഞുവെക്കുന്നത്. കൃഷിയിലൂടെ ഉപജീവനം സാധ്യമാക്കിയ മലയരയർ പതുക്കെ ഉന്നതവിദ്യാഭ്യാസത്തിലേക്കും ഉദ്യോഗത്തിലേക്കും നാഗരിക – പരിഷ്കൃത ജീവിതത്തിലേക്കും കടന്നുവരുന്നു. പൊതു സമൂഹവും കച്ചവടക്കാരും മതപരിവർത്തനം ലക്ഷ്യമാക്കുന്നവരും ഈ ജനവിഭാഗത്തെ ചൂഷണം ചെയ്യുന്നതെങ്ങനെയെന്ന് സൂക്ഷ്മമായി നോവൽ വെളിപ്പെടുത്തുന്നു. അതിജീവനവും ചെറുത്തുനിൽപ്പും ഗോത്ര ജനതക്കകത്ത് നിന്ന് തന്നെ സംഭവിക്കുന്നുണ്ട്. കുഞ്ഞാദിച്ചൻ, കൊച്ചുരാമൻ, പാർവതി, പത്മനാഭൻ തുടങ്ങിയ കഥാപാത്രങ്ങൾ പല നിലയിൽ ഗോത്രസംസ്കാരത്തിന്റെ തനിമകളിൽ നിന്ന് വ്യതിചലിക്കുകയും പുതിയ അറിവും അനുഭവങ്ങളുമായി മുന്നേറാൻ ശ്രമിക്കുന്നവരുമാണ്.

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൊച്ചരേത്തിയാണ് ആദ്യ നോവലെങ്കിലും വന്നല എന്ന നോവൽ കൊച്ചരേത്തിയിൽ പറഞ്ഞ കാലത്തിനും മുമ്പ് – മലയരയ ഗോത്രത്തിന്റെ പ്രാക്തന വഴിയളെ അടയാളപ്പെടുത്തുന്നു. രാജഭരണവും ആധുനിക കാലവും തമ്മിൽ കെട്ടുപിണഞ്ഞ് ചരിത്രവും ഭാവനയും ഇഴചേർന്ന്, മിത്തും യാഥാർഥ്യവും കൂടിക്കുഴഞ്ഞ് ഗൗതമ ഗോത്രം എന്നറിയപ്പെട്ട മലയരയ വിഭാഗത്തിന്റെ ഭൂതകാലം അനാവരണം ചെയ്യുന്നു. മലയരയരുടെ ജീവിതം ചിത്രീകരിക്കുന്ന മൂന്നാമത്തെ നോവലായ “ആരാണ് തോൽക്കുന്നവർ ‘ എന്ന കൃതിയിൽ ആധുനിക നാഗരികതയും മുതലാളിത്ത താത്പര്യവും രാഷ്ട്രീയ ഗൂഢ നീക്കങ്ങളും പരിവർത്തിത ക്രൈസ്തവരുടെ ബലതന്ത്രങ്ങളും എപ്രകാരമാണ് ഈ ജന സമൂഹത്തിന്റെ സംസ്കാരത്തെ തകർത്തെറിയുന്നതെന്ന് പ്രഹരശേഷിയോടെ പറഞ്ഞുവെക്കുന്നു.

ഇടുക്കിയിലെ മറ്റൊരു ഗോത്രവിഭാഗമായ ഊരാളികളുടെ ജീവിത യാഥാർഥ്യങ്ങൾ അടയാളപ്പെടുത്തുന്ന നോവലാണ് ഊരാളിക്കുടി. ശാന്തസുന്ദരവും സ്നേഹനിർഭരവുമായ ഊരാളികളുടെ ജീവിത പരിസരങ്ങളിൽ, കുടിയേറ്റക്കാരുടെ നിർബാധമുള്ള കടന്നുവരവും കൈയേറ്റങ്ങളും ആശാന്തി പടർത്തിയത് എപ്രകാരമാണെന്ന് ഈ നോവൽ ചിത്രീകരിക്കുന്നു. കൊമ്പടിഞ്ഞി എന്ന സാങ്കൽപ്പിക ആദിവാസി ഗ്രാമത്തെ ആധാരമാക്കി രചിച്ച ഈ കൃതിയുടെ പ്രമേയവും ഗോത്ര – നാഗരികസംഘർഷം തന്നെയാണ്. ചാരന്റെയും കരിച്ചിയുടെയും മകനായ സോമനാണ് പ്രതിരോധ മനസ്സുള്ള കഥാപാത്രം.

ഇടുക്കിയിലെ മുതുവാന്മാരുടെ ജീവിതം പച്ചയായി വരച്ചുവെച്ച നോവലാണ് ചെങ്ങാറും കുട്ടാളും. മണവാളനും മണവാട്ടിയും എന്ന അർഥം വരുന്ന ശീർഷകമുള്ള ഈ നോവലിലും സംസ്കാര സമ്പന്നർ എന്ന് മേനി പറയുന്ന പൊതു സമൂഹത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും മനുഷ്യവിരുദ്ധതയെയും ആദിവാസി ചൂഷണത്തെയും വെളിപ്പെടുത്തുന്നു. തിരസ്കൃതരുടെ നാളെ എന്ന നോവൽ എല്ലാ ആദിവാസി ഗോത്രത്തിന്റെയും പ്രാതിനിധ്യം വഹിക്കുന്ന കൃതിയാണ്. ട്രൈബ് എന്ന കർത്തൃത്വം ഉൾക്കൊള്ളുന്നവരും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെട്ടവരുമായ നിരാലംബ മനുഷ്യർ ഭൂമിയിൽ നേരിടുന്ന ആപത്തിനെക്കുറിച്ചുള്ള വിപൽ സന്ദേശം നൽകുന്ന പുസ്തകം. ഗോത്രവർഗങ്ങളെ ഇല്ലായ്മ ചെയ്യാൻ അതിഗൂഢമായ ആഗോള പദ്ധതിയെയും അത്തരത്തിലുള്ള പ്രത്യയശാസ്ത്ര നീക്കങ്ങളെയും ഈ കൃതിയിലൂടെ നോവലിസ്റ്റ് പുറത്തു കൊണ്ടുവരുന്നുണ്ട്.

പൊലമറുത, നിസ്സഹായന്റെ നിലവിളി തുടങ്ങിയ കഥാസമാഹാരത്തിലും ഗോത്രവർഗ പ്രാതിനിധ്യം വഹിക്കുന്ന ഒരെഴുത്തുകാരന് മാത്രം സാധ്യമാകുന്ന അനുഭവ ശക്തിയോടെയും വിനിമയ ശേഷിയോടെയും നാരായൻ ഗോത്ര ജീവിതം അടയാളപ്പെടുത്തുന്നു. മലയാള സാഹിത്യം നാരായന്റെ എഴുത്തിലൂടെ നാളിതു വരെ കാണാത്ത സവിശേഷ വ്യാപ്തി കൈവരിക്കുകയും പുതിയ ഭാവുകത്വത്തിലേക്ക് പടർന്നേറുകയും ചെയ്തു എന്ന് നിസ്സംശയം പറയാം.

Latest