Connect with us

From the print

സ്വര്‍ഗം അകലെയല്ല

'ചെറിയ ഒരു നന്‍മയെ പോലും നീ നിസ്സാരമാക്കി അവഗണിക്കരുത് ' എന്ന നബിവാക്യം പലതിലേക്കും സൂചനയാണ്. ഒരു കര്‍മം സ്വര്‍ഗപ്രവേശന ഹേതുവാകാന്‍ കര്‍മങ്ങളുടെ എണ്ണമോ വണ്ണമോ മാത്രമല്ല പരിഗണന, അതിന്റെ സാഹചര്യം കൂടി പരമമാണ്.

Published

|

Last Updated

വിശ്വാസത്തിന്റെ അകക്കാമ്പാണ് പരലോക വിശ്വാസം. ഈ ലോകത്തെ കുറഞ്ഞ കാലത്തെ ജീവിതത്തിലൂടെ ശാശ്വതമായ പരലോക ജീവിതത്തിലെ സന്തോഷങ്ങളാണ് നമ്മള്‍ സമ്പാദിക്കേണ്ടത്. അതിപ്രധാനമായ പരലോക ജീവിതത്തെ ഒരു നിലയ്ക്കും അംഗീകരിക്കാന്‍ കഴിയാത്തവരായിരുന്നു പ്രവാചകരെ നിഷേധിച്ചവര്‍. ഈ ലോകത്തെ നന്‍മ തിന്‍മകള്‍ക്ക് കൃത്യമായതും നീതിപൂര്‍ണവുമായ പകരം നല്‍കുന്ന ഒരു ലോകം വേണമെന്നത് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക. പരലോക ചിന്തയില്‍ പ്രധാനമാണ് സ്വര്‍ഗലോകം. സ്വര്‍ഗം സമ്പാദിക്കാനുള്ള വഴികളിലേക്ക് മനുഷ്യരെ കൈ പിടിക്കലായിരുന്നു പ്രവാചകന്‍മാരുടെ ദൗത്യം. മനുഷ്യ സഹജമായ നന്‍മകളുടെ ഇടവഴികളില്‍ പോലും സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെട്ടിട്ടുണ്ടെന്നത് തന്നെ സ്വര്‍ഗ പ്രവേശം ആരുടെ മുന്നിലും അസാധ്യമല്ലെന്ന സന്ദേശമാണ് നല്‍കിയത്.

‘ചെറിയ ഒരു നന്‍മയെ പോലും നീ നിസ്സാരമാക്കി അവഗണിക്കരുത് ‘ എന്ന നബിവാക്യം പലതിലേക്കും സൂചനയാണ്. ഒരു കര്‍മം സ്വര്‍ഗപ്രവേശന ഹേതുവാകാന്‍ കര്‍മങ്ങളുടെ എണ്ണമോ വണ്ണമോ മാത്രമല്ല പരിഗണന, അതിന്റെ സാഹചര്യം കൂടി പരമമാണ്.

മദീന തണുത്ത് പുതച്ചുമൂടി ഉറങ്ങുകയാണ്, സ്വഹാബികള്‍ വീടണഞ്ഞനേരം റബീഅ: (റ) മാത്രം വീട്ടില്‍ പോകാതെ പാതിരാത്രിയിലും പള്ളിയിലുണ്ട്. രാത്രിയുടെ നിശബ്ദതയില്‍ ആരാധനക്ക് ഒരുങ്ങുന്ന ആറ്റല്‍ നബിയോര്‍ക്ക് വുളു ചെയ്യാനുള്ള വെള്ളം ചൂടാക്കി കൊണ്ടുവന്നു. വല്ലാത്തൊരു സേവനം. നബി തങ്ങള്‍ക്ക് അത് പെരുത്തിഷ്ടായി, പറഞ്ഞു, വേണ്ടത് ചോദിച്ചോളൂ. റബീഅ (റ) ചോദിച്ചു. സ്വര്‍ഗത്തില്‍ അങ്ങയുടെ അടുത്ത കൂട്ടുകാരനാകാന്‍ സമ്മതിക്കണം. സുജൂദ് വര്‍ധിപ്പിക്കുമെങ്കില്‍ ഉറപ്പെന്ന് ആറ്റല്‍ നബിയും. എത്ര ചെറുതെന്ന് നമ്മള്‍ കരുതുന്ന നന്‍മകളാണ് സ്വര്‍ഗ പ്രവേശത്തിലേക്ക് നമ്മെ എത്തിക്കുന്നത്.

വീട്ടിന്റെ അടുക്കളയില്‍ കയറിയിറങ്ങുന്ന പൂച്ച പോലും നിസ്സാരമല്ല. പൂച്ചക്ക് നല്‍കുന്ന മത്സ്യ അവശിഷ്ടം പോലും സ്വര്‍ഗവഴിയിലേക്കുള്ള നീക്കിവെപ്പാകും. പടര്‍ന്ന് പന്തലിച്ച മരത്തിന്റെ ചില്ലയില്‍ കളകള ശബ്ദമിട്ട് വിശ്രമിക്കുന്ന പക്ഷികള്‍ക്കുള്ള ആശ്വാസമുണ്ടല്ലോ, ആ മരം നട്ട മനുഷ്യന്റെ സ്വര്‍ഗീയ സുഖങ്ങള്‍ക്കുള്ള കാരണമത്രേ!

ദാഹിച്ചവശതയില്‍ മണ്ണില്‍ നാവിട്ടുരസിയ നായക്ക് കിണറില്‍ നിന്ന് വെള്ളം കോരി കുടിപ്പിച്ച മനുഷ്യന് സ്വര്‍ഗ സന്തോഷമുണ്ടായ ചരിത്രം സ്വഹീഹുല്‍ ബുഖാരിയിലാണ് രേഖപ്പെടുത്തിയത്.

വി. ഖുര്‍ആന്‍ അധ്യായം 40 വചനം 40ല്‍ പറയുന്നു- ‘സ്വര്‍ഗം വിശ്വസിച്ച് ചെയ്യുന്ന ഏത് നന്‍മക്കും സ്ത്രീ- പുരുഷന്‍ ആരായാലും അവര്‍ക്ക് കണക്കില്ലാതെ സ്വര്‍ഗ സുഖം സ്രഷ്ടാവ് കൊടുത്തിരിക്കും തീര്‍ച്ച’. റമസാന്‍ കാലം സ്വര്‍ഗവാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുകയും സ്വര്‍ഗവാതിലിലൂടെ കയറിവരൂ എന്ന നാദം അന്തരീക്ഷത്തില്‍ മുഴങ്ങുകയും ചെയ്യുമത്രെ! അതാണ് വ്യത്യസ്ത ധാരയിലുള്ള വിശ്വാസികളും വിശ്വാസമില്ലാത്തവര്‍ പോലും നന്‍മയുടെ കാലമാണിതെന്ന് ഉച്ചത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. എന്നിട്ടും സ്വര്‍ഗ കവാടത്തെ കൊട്ടിയടപ്പിച്ച് ഓടിക്കളയുന്നവരെ ക്കുറിച്ച് എന്ത് പറയാന്‍, പൈശാചികത ആധിപത്യം സ്ഥാപിക്കപ്പെട്ടവര്‍ എന്നല്ലാതെ!.