Connect with us

From the print

കനത്ത വ്യോമാക്രമണം ; എങ്ങുമെത്താതെ ഗസ്സയിലെ സഹായ പ്രവാഹം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46 ഫലസ്തീനികൾ കൊല്ലപ്പെടുകയും 65 പേർക്ക് പരുക്കേൽക്കുകയും ചെയ്തു

Published

|

Last Updated

ഗസ്സാ സിറ്റി | മാനുഷിക സഹായത്തിനായി ബൈത്ത് ഹനൂൻ (എറെസ്) അതിർത്തി തുറക്കുമെന്ന് ഇസ്റാഈൽ പ്രഖ്യാപിച്ചിട്ടും, സഹായ പ്രവാഹത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് റിപോർട്ട്. വടക്കൻ ഗസ്സയിൽ സ്ഥിതിഗതികൾ കൂടുതൽ നിരാശാജനകമാണ്. പട്ടിണിയും നിർജലീകരവും മൂലം നിരവധി കുട്ടികൾക്കാണ് ജീവൻ നഷ്ടമാകുന്നത്.

സമ്പൂർണ വെടിനിർത്തലും സന്നദ്ധ പ്രവർത്തകർക്കും സാധാരണക്കാർക്കും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നത് വരെ ഗസ്സയുടെ വടക്ക് ഭാഗത്തേക്ക് കാര്യമായ സഹായം എത്തിക്കുന്നത് അസാധ്യമാണെന്ന് അൽ ജസീറ റിപോർട്ടർ പറയുന്നു. അതിനിടെ മാനുഷിക സഹായത്തിന് തടസ്സമായി ഗസ്സയിലുടനീളം ആക്രമണങ്ങൾ തുടരുകയാണ്. ഈയാഴ്ച ആദ്യം വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യു സി കെ) സന്നദ്ധ പ്രവർത്തകർക്കു നേരെ നടന്ന ആക്രമണത്തെത്തുടർന്ന്, ദാതാക്കളും സന്നദ്ധ പ്രവർത്തകരും സഹായ തൊഴിലാളികളും ആശങ്കയിലാണ്.

അതേസമയം, വെടിനിർത്തൽ ചർച്ചകൾക്കായി പ്രതിനിധി സംഘം ഇന്ന് കൈറോയിലേക്ക് പോകുമെന്ന് ഹമാസ് വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു. കെയ്റോയിൽ ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഹമാസ് മേധാവി ഇസ്മാഈൽ ഹനിയയും മധ്യസ്ഥരും തമ്മിൽ കൂടിക്കാഴ്ചകൾ നടത്തിയതായി ഇവർ അറിയിച്ചു.

എന്നാൽ വെടിനിർത്തൽ കരാറിലെത്താൻ കഴിയാതെ പല തവണ നിരാശരായതിനു ശേഷം ഇത്തരം ചർച്ചകളിൽ ഫലസ്തീനികൾ പ്രതീക്ഷ വെക്കുന്നില്ല. സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്റാഈലിലേക്കുള്ള ആയുധ കൈമാറ്റം അവസാനിപ്പിക്കാൻ നിരവധി കോൺഗ്രസ്സ് ഡെമോക്രാറ്റുകൾ യു എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി ഖത്വർ സർവകലാശാലയിലെ ഹസ്സൻ ബരാരി പറഞ്ഞു. മുൻ സ്പീക്കർ നാൻസി പെലോസിയെപ്പോലുള്ള പ്രമുഖ വ്യക്തികൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചത് പ്രതീക്ഷയേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ തെക്കൻ ലബനാനനിലെ അർനൂൺ പട്ടണത്തിൽ ഇസ്റാഈൽ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപോർട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ഹിസ്ബുല്ലയിൽ നിന്നും അതിന്റെ സഖ്യകക്ഷിയായ അമൻ മൂവ്മെന്റിൽ നിന്നുമുള്ള ഏഴ് പോരാളികളെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇരുപക്ഷവും ലബനാൻ-ഇസ്റാഈൽ അതിർത്തിയിൽ ദിനേന വെടിവെപ്പ് നടത്തുന്നുണ്ട്. എന്നാൽ തിങ്കളാഴ്ച ദമസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ ഏഴ് ഇറാനികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം രൂക്ഷമായി.

അതിനിടെ, നബ്‌ലസിലും ഹെബ്രോണിലും ഇസ്റാഈൽ സൈന്യം നടത്തിയ റെയ്ഡിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി വഫ റിപോർട്ട് ചെയ്തു. അതേസമയം ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാറസുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സംയുക്ത മന്ത്രിതല സമിതി രൂപവത്കരിക്കുന്നതിനെക്കുറിച്ചും ഫോണിൽ സംസാരിച്ചതായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു. ഗസ്സാ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്ഥിരമായി വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്, ഫലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുന്നതിന് സ്‌പെയിനും യൂറോപ്യൻ യൂനിയനും ആഹ്വാനം ചെയ്തു.
ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 33,137 ഫലസ്തീനികൾ കൊല്ലപ്പെടുകയും 75,815 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46 ഫലസ്തീനികൾ കൊല്ലപ്പെടുകയും 65 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Latest