Connect with us

From the print

പടിഞ്ഞാറൻ, വടക്കൻ മേഖലയിൽ കനത്ത ആക്രമണം; സ്‌ഫോടനങ്ങൾ നിലക്കാതെ റഫ

12 ഫലസ്തീനികൾ കൊല്ലപ്പെട്ടു

Published

|

Last Updated

കെയ്‌റോ | റഫയിലും ഗസ്സാ മുനമ്പിന്റെ മറ്റു ഭാഗങ്ങളിലും ബോംബ്, ഷെൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ. ഗസ്സാ മുനമ്പിന്റെ തെക്കേ അറ്റമായ ഈജിപ്ത് അതിർത്തിയോട് ചേർന്ന റഫ നഗരം പൂർണമായും പിടിച്ചെടുക്കാൻ അഭയാർഥി ടെന്റുകളെ പോലും ലക്ഷ്യം വെക്കുകയാണ് സൈന്യം.
റഫയുടെ കിഴക്ക്, തെക്ക് മധ്യ ഭാഗങ്ങൾ നിലവിൽ ഇസ്‌റാഈൽ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ കൂടി കടന്നുകയറാൻ വ്യോമ, ടാങ്ക് ആക്രമണങ്ങൾക്ക് പുറമെ യുദ്ധക്കപ്പലുകളിൽ നിന്നും വെടിയുതിർക്കുന്നതായി അഭയാർഥികൾ പറഞ്ഞു. ഗസ്സയുടെ മറ്റു ഭാഗങ്ങളിൽ നിന്നായി പത്ത് ലക്ഷത്തിലധികം പേരാണ് റഫയിൽ അഭയം പ്രാപിച്ചിരുന്നത്. ഇവരിൽ ഭൂരിഭാഗവും റഫയിൽ നിന്നും ജീവൻ തേടി അലയുകയാണ്.
ഇന്നലെ ഇസ്‌റാഈൽ സൈനികാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ പത്ത് പേർ മരിച്ചത് അൽ ശാത്വി അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലാണ്.
സാധാരണക്കാരെ ലക്ഷ്യം വെക്കുമ്പോഴും, ഹമാസിന്റെ തുരങ്ക സങ്കേതകങ്ങൾ തകർക്കുന്നതിനായുള്ള ആക്രമണമാണ് റഫയിൽ നടത്തുന്നതെന്നാണ് ഇസ്‌റാഈൽ സൈന്യം പറയുന്നത്. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്‌റാഈൽ കവചിത വാഹനം പൊട്ടിത്തെറിച്ചു.
ഈ സമയം പോര
അതേസമയം, ദിവസേന ഇസ്‌റാഈൽ സൈന്യം നൽകുന്ന താത്കാലിക യുദ്ധവിരാമത്തിന്റെ സമയത്ത് അവശ്യ സാധനങ്ങൾ ഏതാനും അഭയാർഥികൾക്ക് എത്തിക്കാനാകുന്നുണ്ടെന്ന് യു എൻ പ്രതിനിധികൾ പറഞ്ഞു. മുഴുവൻ അഭയാർഥികൾക്കും ജീവൻ നിലനിർത്താനുള്ള വസ്തുക്കൾ എത്തിക്കാൻ ഈ സമയം മതിയാകുന്നില്ലെന്ന് അധിനിവേശ ഫലസ്തീനിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി റിച്ചാർഡ് പീപർകോൺ പറഞ്ഞു.
അർമേനിയയുടെ പിന്തുണ
അതിനിടെ ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അർമേനിയ അംഗീകരിച്ചു. മുമ്പ് സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഏഷ്യൻ രാജ്യമായ അർമേനിയയുടെ ധീര നിലപാടിനെ ഫലസ്തീൻ സ്വാഗതം ചെയ്തു.
ഫലസ്തീനെ പരമാധികാര രാജ്യമായി അംഗീകരിച്ച അർമേനിയയുടെ തീരുമാനത്തെ തുർക്കി വിദേശകാര്യ മന്ത്രാലയവും അഭിനന്ദിച്ചു.
ഫലസ്തീനെ അംഗീകരിക്കാൻ ഇനിയും കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുമെന്നും ഇതിനായി തുർക്കി സമ്മർദം ചെലുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
നേരത്തേ, യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനും അയർലാൻഡും ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.

Latest