From the print
ഉത്തർപ്രദേശിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി; നേതൃനിരയിൽ തല ഉരുളും
ആഭ്യന്തര അട്ടിമറി സംശയിച്ച് നേതാക്കൾ • പ്രതിപക്ഷ പ്രചാരണം നേരിടുന്നതിൽ സമ്പൂർണ പരാജയം
![](https://assets.sirajlive.com/2024/06/modi-up.jpg)
ലക്‌നോ | ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ അപ്രതീക്ഷിത തോൽവിയുടെ കാരണം തേടി ബി ജെ പി. സംസ്ഥാന നേതൃനിരയിലുൾപ്പെടെ സംഘടനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ബി ജെ പി കോട്ടയായി കരുതിയിരുന്ന പല മണ്ഡലങ്ങളിലും ഏറ്റ കനത്ത തിരിച്ചടിയാണ് നേതൃമാറ്റ ആലോചനയിലേക്ക് നയിക്കുന്നത്.
2019ൽ ബി ജെ പി നേടിയ 64 സീറ്റുകളിൽ 28 എണ്ണം നഷ്ടമായപ്പോൾ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ്സും ഭീം ആർമിയും നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ 49.98 ശതമാനമായിരുന്നു ബി ജെ പിയുടെ വോട്ട് വിഹിതം. ഇത്തവണ 41.37ലേക്ക് കൂപ്പുകുത്തി.
ഡൽഹിയിൽ ബി ജെ പി കേന്ദ്ര നേതൃത്വം വിളിച്ച യോഗത്തിൽ സംസ്ഥാന നേതാക്കളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് മൗര്യ, ബ്രജേഷ് പഥക്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ധരംപാൽ സിംഗ്, സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി എന്നിവരുമായി കേന്ദ്ര നേതൃത്വം സ്ഥിതിഗതികൾ വിലയിരുത്തി.
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം സംസ്ഥാന നേതൃത്വത്തിലെ പലരുടെയും തലയുരുളുമെന്നുറപ്പായിട്ടുണ്ട്. എല്ലാ നേതാക്കന്മാർക്കും ഉത്തരവാദിത്വങ്ങൾ നിശ്ചയിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംശയാസ്പദമായ പ്രവർത്തനം നടത്തിയ ജില്ലാ പ്രസിഡന്റുമാർ മുതൽ മേഖലാ ഭാരവാഹികൾ വരെയുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു. ശക്തികേന്ദ്രങ്ങളിൽ പലതിലും പാർട്ടി സ്ഥാനാർഥികൾ നേരിട്ട തോൽവിയുടെ കാരണം തേടി ഇരുട്ടിൽ തപ്പുകയാണ് നേതൃത്വം.
എതിരാളികൾക്കൊപ്പം ചേർന്ന് പാർട്ടി സ്ഥാനാർഥികളുടെ പരാജയം ഉറപ്പാക്കാൻ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ചിലർ പ്രവർത്തിച്ചുവെന്ന ആരോപണം ഒരു കൂട്ടർ ഉന്നയിക്കുമ്പോൾ പാർട്ടി പ്രചാരണം അട്ടിമറിക്കാൻ ചിലർ ശ്രമിച്ചതായി മറ്റൊരു കൂട്ടരും വാദിക്കുന്നു.
പാർട്ടിയുടെ പ്രചാരണ തന്ത്രം ഇത്തവണ പാളിയതായി സഹാറൻപൂരിൽ കഴിഞ്ഞ തവണ ജയിക്കുകയും ഇത്തവണ കോൺഗ്രസ്സിലെ ഇംറാൻ മസൂദിനോട് തോൽക്കുകയും ചെയ്ത ബി ജെ പി സ്ഥാനാർഥി രാഘവ് ലഖൻപാൽ തുറന്നടിച്ചു. ചില പ്രചാരണം ഒ ബി സി, ദളിത് വോട്ടുകൾ ഇന്ത്യ മുന്നണിയിലേക്ക് ഒഴുകുന്നതിന് കാരണമായി. പരമ്പരാഗത ബി ജെ പി വോട്ടർമാരിൽ വലിയൊരു ശതമാനം ഇംറാൻ മസൂദിനെ പിന്തുണച്ചതായും ലഖൻപാൽ പറഞ്ഞു.
ഫത്തേപൂരിൽ നിന്ന് മൂന്നാം തവണയും ജനവിധി തേടിയ കേന്ദ്ര മന്ത്രി സ്വാധി നിരഞ്ജൻ ജ്യോതി എസ് പി സംസ്ഥാന അധ്യക്ഷൻ നരേഷ് ഉത്തമിനോട് തോറ്റതും ബി ജെ പിക്ക് വലിയ ആഘാതമാണുണ്ടാക്കിയത്. ചില പാർട്ടി നേതാക്കൾ തനിക്കെതിരെ പ്രവർത്തിച്ചതായി അവർ കുറ്റപ്പെടുത്തി.
“ഇത്തവണ 400ലധികം’ മുദ്രാവാക്യം എൻ ഡി എ സ്ഥാനാർഥികളെ തിരിഞ്ഞുകുത്തിയതായി ഘടകകക്ഷിയിലെ നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദ് പറഞ്ഞു. 400ലധികം സീറ്റുകൾ നേടി എൻ ഡി എ വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടനയടക്കം തിരുത്തുമെന്ന എസ് പി, കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്താവന ഒ ബി സി, ദളിത് വോട്ടർമാർക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചതായും സഞ്ജയ് നിഷാദ് ചൂണ്ടിക്കാട്ടി.
പലരും ആഭ്യന്തര അട്ടിമറി നടന്നതായി സംശയിക്കുന്നു. പാർട്ടിക്കുള്ളിൽ നിന്ന് അട്ടിമറിക്ക് നേതൃത്വം നൽകിയവർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് മൂന്നാം തവണയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.
അതേസമയം, പാർട്ടി നേതാക്കളുടെയും കേഡറുകളുടെയും അമിത ആത്മവിശ്വാസമാണ് തിരിച്ചടിക്ക് കാരണമായതെന്ന് സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന ഉൾപ്പെടെയുള്ളവർ പറയുന്നു. പ്രതിപക്ഷത്തിന്റെ പ്രചാരണത്തെ ശക്തമായി നേരിടുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടതായി ബി ജെ പി രാജ്യസഭാ എം പിയും മുൻ സംസ്ഥാന അധ്യക്ഷനുമായ ലക്ഷ്മികാന്ത് ബജ്‌പേ പറഞ്ഞു. ‘ഭരണഘടന സംരക്ഷിക്കൂ, സംവരണം സംരക്ഷിക്കൂ’ എന്ന പ്രതിപക്ഷത്തിന്റെ മുദ്രാവാക്യത്തെ നേരിടാനായില്ല. ഇത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതായും ലക്ഷ്മികാന്ത് ഉന്നയിച്ചു. റായ്ബറേലിയിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ട സംസ്ഥാന മന്ത്രി ദിനേശ് പ്രതാപ് സിംഗും ഇതേ അഭിപ്രായമാണ് പറഞ്ഞത്.