International
ഗസ്സയില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ പതിച്ചത് തീവ്രതയേറിയ ബോംബുകള്‍; കൊല്ലപ്പെട്ടവര്‍ 330 ആയി
റമസാനില്‍ കൊടും പട്ടിണിക്കിട്ട് കൂട്ട നരഹത്യ; വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്‌റാഈല്‍

ഗസ്സ | വിശുദ്ധ റമസാനിലും ഗസ്സക്ക് നേരെ കൊടും ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍ ഭീകരത. ഇന്നലെ രാത്രി ഗസ്സയിലുടനീളം നടന്ന ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 330 ആയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തീവ്രതയേറിയ ബോംബുകളാണ് ഉറങ്ങിക്കിന്ന ഫലസ്തീനികള്‍ക്ക് നേരെ പ്രയോഗിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന് ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഗസ്സ സിറ്റി, ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനുസ്, റഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് വ്യാമാക്രമണമുണ്ടായത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം കരാര്‍ ലംഘിച്ച് ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും തീവ്രതയേറിയ ബോംബാക്രമണമാണിത്. ഇസ്റാഈല്‍ ഏകപക്ഷീയമായാണ് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതെന്നും സാധാരണക്കാര്‍ക്ക് നേരെ വഞ്ചനാപരമായ ആക്രമണമാണ് നടത്തിയതെന്നും ഹമാസ് പ്രതികരിച്ചു.
കരാര്‍ ലംഘിച്ച് ഗസ്സക്ക് മേൽ ഇസ്‌റാഈലിന്റെ ഉപരോധം തുടരുന്നതിനാല്‍ റമസാന്‍ വ്രത നാളുകളിലും ഫലസ്തീനികള്‍ കൊടും പട്ടിണിയിലാണ്. ഇതിനിടയിലാണ് കൂട്ട നരഹത്യയും നടത്തി നാടാകെ ചോരക്കളമാക്കിയത്. ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതായി ഇസ്റാഈല്‍ പ്രതിരോധ മന്ത്രി ഇസ്റാഈല്‍ കാറ്റ്‌സ് വ്യക്തമാക്കി. ആക്രമണം കടുപ്പിക്കുമെന്ന് ഇസ്റാഈല്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടര വര്‍ഷത്തുനുള്ളിലുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 48,577 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായ ആയിരക്കണക്കിന് പേര്‍ മരിച്ചതായും കണക്കാക്കുന്നു.