National
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; ട്രെയിൻ, വ്യോമ ഗതാഗതം താറുമാറായി
സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ഹരിയാനയിലും പഞ്ചാബിലും ശക്തമായ മുടൽമഞ്ഞാണ് അനുഭവപ്പെട്ടത്.
ന്യൂഡൽഹി | കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ റെയിൽ വ്യോമ ഗതാഗതം താറുമാറായി. 110 വിമാന സർവീസുകളെയും 25ലധികം ട്രെയിൻ സർവീസുകളെയും ഇത് ബാധിച്ചു. ബുധനാഴ്ച രാവിലെ 50 മീറ്റർ മാത്രമായിരുന്നു ഡൽഹിയിലെ കാഴ്ച പരിധി. ഇതേതുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലും ഹരിയാനയിലും പഞ്ചാബിലും ശക്തമായ മുടൽമഞ്ഞാണ് അനുഭവപ്പെട്ടത്.
ഡൽഹിയിലേക്ക് തിരിച്ച 25 ട്രെയിനുകൾ വൈകിയതായി ഉത്തര റെയിൽവേ അറിയിച്ചു. മൂടൽമഞ്ഞ് ശക്തമായതിനാൽ റോഡ് ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടു. ഉത്തർപ്രദേശിൽ നിരവധി വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആഗ്ര – ലക്നൗ എക്സ്പ്രസ്സ് വെയിൽ ഉണ്ടായ കൂട്ടയിടയിൽ ഒരാൾ മരിച്ചു. ബറേലി – സുൽത്താൻപൂർ ഹൈവേയിൽ അതിവേഗത്തിൽ എത്തിയ ട്രക്ക് വീട്ടിലേക്ക് ഇടിച്ചു കയറി.
പാട്യാല, ലക്നൗ, പ്രയാഗ്രാജ് എന്നിവിടങ്ങളിൽ കാഴ്ച പരിധി 25 മീറ്ററാണ്. അമൃത്സറിൽ കാഴ്ച പരിധി പൂജ്യം മീറ്ററായി കുറഞ്ഞു.
മൂടൽമഞ്ഞ് ശക്തമായതോടെ രാജ്യ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചികയും താഴ്ന്നു. 381 ആണ് ഡൽഹിയിലെ വായു നിലവാരസൂചിക. വളരെ മോശം കാറ്റഗറിയിലാണ് ഇത് വരുന്നത്.