National
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിന്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു
ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി| കനത്ത മൂടല്‍മഞ്ഞില്‍ മറഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ജനുവരി 2 വരെ കനത്ത മൂടല്‍മഞ്ഞ് തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ജനുവരി 2 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തണുപ്പ് തുടരുമെന്നാണ് മുന്നറിയിപ്പിലുള്ളത്. ഇതേതുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഡിസംബര്‍ 31ന് പഞ്ചാബില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മൂടല്‍മഞ്ഞ് ഗതാഗത സംവിധാനങ്ങളെയും ബാധിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹി – ഹൗറ റൂട്ടിലെ രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ 10 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. വിമാന സര്‍വ്വീസിനെയും മൂടല്‍മഞ്ഞ് ബാധിച്ചു. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.
മൂടല്‍മഞ്ഞ് കാരണം നോയിഡ, ഗ്രേറ്റര്‍ നോയിഡ ഉള്‍പ്പെടുന്ന ഗൗതം ബുദ്ധ് നഗറിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഡിസംബര്‍ 29, 30 തീയതികളില്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.