Connect with us

Kerala

പാര്‍ട്ടിക്കും ഇടത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടം; റസലിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

യുവജന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്ന റസല്‍ പ്രക്ഷോഭ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.

Published

|

Last Updated

കോട്ടയം | സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസലിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യനായ സംഘാടകനും പ്രക്ഷോഭകാരിയുമായ റസലിന്റെ വിയോഗം കോട്ടയത്തെ പാര്‍ട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യുവജന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്ന റസല്‍ പ്രക്ഷോഭ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.

പാര്‍ട്ടി ജില്ലാ സമ്മേളനം സഖാവിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. കോട്ടയം ജില്ലയില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനുള്ള നിരന്തര ശ്രമത്തിനിടയിലാണ് റസലിന്റെ ആകസ്മിക വിയോഗം.

റസല്‍ പല തവണ പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു റസല്‍. തൊഴിലാളി രംഗത്തെ റസലിന്റെ പ്രവര്‍ത്തനം തികച്ചും അനുകരണീയമായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

റസലിന്റെ വേര്‍പാട് പാര്‍ട്ടിയെ സംബന്ധിച്ച് അപരിഹാര്യമായ നഷ്ടമാണ്. അനുശോചനം രേഖപ്പെടുത്തുന്നതായും റസലിന്റെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടി ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു.

 

Latest