National
കനത്ത മഴ, മേഘ വിസ്‌ഫോടനം, പ്രളയം; കശ്മീരിലെ റമ്പാനില്‍ വീടുകളും വാഹനങ്ങളും തകര്‍ന്നു
കന്നുകാലികളെ കാണാതായതായും റിപോര്‍ട്ടുണ്ട്. ആളപായം സംഭവിച്ചതായി വിവരമില്ല. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ വീണ്ടും കനത്ത മഴയും മിന്നല്‍ പ്രളയവും. പ്രകൃതി ദുരന്തത്തില്‍ 37 വീടുകളും ഒരു ക്ഷേത്രവും നിരവധി വാഹനങ്ങളും തകര്‍ന്നു. വസ്തുവഹകള്‍ നശിച്ചു. കന്നുകാലികളെ കാണാതായതായും റിപോര്‍ട്ടുണ്ട്. ആളപായം സംഭവിച്ചതായി വിവരമില്ല. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
പ്രദേശം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം മുഴുവന്‍ പ്രളയബാധിതരുടെയും അടിയന്തര പുനരധിവാസത്തിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. റമ്പാന്‍ ഡെപ്യൂട്ടി കമ്മീഷണറും സിവില്‍, പോലീസ് ഉന്നതോദ്യോഗസ്ഥരും ഒമര്‍ അബ്ദുല്ലക്കൊപ്പം ഉണ്ടായിരുന്നു.
രണ്ടു ദിവസം മുമ്പ് ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയിലായി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലാണ് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത താത്കാലികമായി അടച്ചിരുന്നു. ഇവിടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണ്.