National
കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേരള - കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചെന്നൈ| തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്ന് ഇന്ന് തമിഴ്‌നാട്ടില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി, തെങ്കാശി ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.
തിരുനെല്‍വേലി, തൂത്തുക്കൂടി ജില്ലകളില്‍ പൊതു അവധിയാണ്. ഇന്ന് തമിഴ്‌നാട്ടില്‍ 13 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയുടെ ശക്തി ഇന്ന് കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. എന്നാല്‍ കേരള – കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. തെക്കന്‍ തമിഴ്‌നാട്ടില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നൂറു കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
23 ട്രെയിനുകള്‍ ഇന്ന് പൂര്‍ണമായി റദ്ദാക്കി. കേരളത്തിലൂടെയുള്ള 3 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 5 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. അതേസമയം ശ്രീവൈകുണ്ഠത്ത് ട്രെയിനില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ശ്രമവും തുടരുകയാണ്. ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒന്നര ദിവസം പിന്നിട്ടു.