National
ശക്തമായ മഴ; ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പുതുച്ചേരിയിലും കാരയ്ക്കലിലും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്.

ചെന്നൈ| തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ ഒന്‍പത് ജില്ലകളിലും പുതുച്ചേരിയിലെ കാരയ്ക്കലിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയെത്തുടര്‍ന്ന് ചെന്നൈയിലെ സ്‌കൂളുകള്‍ക്കും തിരുവള്ളൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
പുതുച്ചേരിയിലും കാരയ്ക്കലിലും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. തമിഴ്നാട്ടിലെ കടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകളിലും പുതുച്ചേരിയിലെ കാരയ്ക്കലിലും ഓറഞ്ച് അലര്‍ട്ടും, തമിഴ്നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, തഞ്ചാവൂര്‍, പുതുച്ചേരി ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെങ്കിലും നവംബര്‍ 16 വ്യാഴാഴ്ചയാകും തീവ്ര ന്യൂനമര്‍ദ്ദമാകുകയെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ള സൂചന.