Connect with us

Kerala

അതിതീവ്ര മഴ; വയനാട് ജില്ലയില്‍ മൂന്ന് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുത്തുമല യുപി സ്‌കൂള്‍, മുണ്ടക്കൈ യുപി സ്‌കൂള്‍ എന്നിവയ്ക്കാണ് ഇന്ന് അവധി നല്‍കിയത്.

Published

|

Last Updated

കല്‍പ്പറ്റ| കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വെള്ളാര്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുത്തുമല യുപി സ്‌കൂള്‍, മുണ്ടക്കൈ യുപി സ്‌കൂള്‍ എന്നിവയ്ക്കാണ് ഇന്ന് അവധി നല്‍കിയത്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഉള്‍പ്പെടെ സാധ്യതയുള്ള മലയോര മേഖലയിലെ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലുമാണ് ഈ സ്ഥലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ മറ്റെവിടെയും ഇതുവരെ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളം കയറിയിരുന്നു.  മേപ്പാടി, മുണ്ടക്കൈ മേഖലയില്‍ രാത്രി ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. മുണ്ടക്കൈയില്‍ ജനവാസമില്ലാത്ത മേഖലയില്‍ മണ്ണിടിച്ചിലും ഉണ്ടായി. പുത്തുമല കാശ്മീര്‍ ദ്വീപിലെ ചില കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

അതേസമയം, വയനാട് ബാണാസുര സാഗര്‍  ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ആര്‍ ഡി മേഘശ്രീ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 772.50 മീറ്ററാണ്. ഡാമിന്റെ ബഹിര്‍ഗമന പാതയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ ജാഗ്രത പുലര്‍ത്തണം.

 

 

Latest