Connect with us

National

അതിതീവ്ര മഴ; തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം 'ഫെംഗല്‍' ചുഴലിക്കാറ്റായി മാറും.

Published

|

Last Updated

ചെന്നൈ|തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ അതിതീവ്ര മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം ‘ഫെംഗല്‍’ ചുഴലിക്കാറ്റായി മാറും. കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, രാമനാഥപുരം, നാഗപട്ടണം, കടലൂര്‍, വില്ലുപുരം, തിരുവള്ളുവര്‍ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അയല്‍ സംസ്ഥാനമായ പുതുച്ചേരിയിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം അറിയിച്ചു.

ചെന്നൈയിലും സമീപ പ്രദേശങ്ങളായ ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലും മഴ തുടരുകയാണ്. ആവശ്യത്തിന് ദുരിതാശ്വാസ ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എന്‍ ഡി ആര്‍ എഫിന്റെ 17 ടീമുകളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും ഉന്നതതല യോഗത്തില്‍ സ്റ്റാലിന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

 

---- facebook comment plugin here -----

Latest