Kerala
ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളില്‍ ശക്തമായ മഴ; തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ചു
വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് തോട്ടില്‍ അകപ്പെട്ടത്. ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഭാര്യ ഓമനയുടെ മൃതദേഹം കണ്ടെത്തി.
തിരുവനന്തപുരം | ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളില്‍ ശക്തമായ മഴ. ഇടുക്കിയില്‍ തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ചു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കല്‍ സിറ്റിയില്‍ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.
വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് തോട്ടില്‍ അകപ്പെട്ടത്. ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഭാര്യ ഓമനയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ പെട്ട രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ശക്തമായ മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കോട്ടപ്പാറ ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്നാണ് സംശയം. വൈകീട്ടാണ് സംഭവം.
കൊല്ലത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ പലയിടങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. തെന്‍മല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്തത്. തെന്മല മാര്‍ക്കറ്റ് റോഡില്‍ വെള്ളം കയറി. ഇടപ്പാളയം അരുണോദയം കോളനിയില്‍ തോട് കരകവിഞ്ഞു. മലയോര മേഖലയില്‍ അപകട സാധ്യത മുന്നറിയിപ്പുള്ള സ്ഥലങ്ങളിലാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.
വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. വിതുരയില്‍ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. തെക്കന്‍- മധ്യ കേരളത്തില്‍ മഴ തുടരുമെന്നും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.