Kerala
ഷിരൂരിൽ കനത്ത മഴ; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും.
അങ്കോല | കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴയെ തുടർന്നാണ് തിരച്ചില്‍ ഇന്നത്തേക്ക് നിർത്തിയത്. നാളെ രാവിലെ പുനരാരംഭിക്കും.
നേരത്തെ രാത്രി പത്ത് മണി വരെ തിരച്ചിൽ തുടരാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഷിരൂരില്‍ ശക്തമായ മഴ കാരണം തിരച്ചിൽ തടസ്സപ്പെട്ടു. റഡാർ ഉൾപ്പെടെ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു ഇന്നത്തെ തിരച്ചിൽ. റഡാറിൽ ലോറിയുടെതെന്ന് സംശയിക്കുന്ന ചില സിഗ്നലുകൾ ലഭിച്ചത് പ്രത്യാശക്ക് ഇടയാക്കിയെങ്കിലും ഇത് ലോറി തന്നെ ആണോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചില്ല. ഇപ്പോൾ തിരച്ചിൽ നടത്തുന്ന ഭാഗത്ത് തന്നെയാകും അർജുന്റെ ലോറി എന്ന പ്രതീക്ഷയിലാണ് രക്ഷാ പ്രവർത്തകർ.
രക്ഷാപ്രവർത്തനത്തിന് ഞായറാഴ്ച സൈന്യവുമെത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എംകെ രാഘവൻ എംപിയെ അറിയിച്ചു. തിരച്ചിലിന് സൈന്യം ഇറങ്ങണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നാളെ രാവിലെ മുതൽ സൈന്യത്തിന്റെ നേതൃത്വത്തിലാകും രക്ഷാപ്രവർത്തനമെന്നാണ് വിവരം.