Kerala
കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
നാളെ മുതല്‍ നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെയോടെ മഴ ശക്തിയാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ നാല് ദിവസം ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെയോടെ ശ്രീലങ്ക- തമിഴ്‌നാട് തീരത്തേക്ക് എത്തും. ഇതോടെ ന്യൂന മര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ മഴ ലഭിച്ചേക്കും.
നാളെ മുതല്‍ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ മയിലാടുംതുറൈ, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളാ തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള തീരത്തും വെള്ളിയാഴ്ച ലക്ഷദ്വീപ് തീരത്തും മീന്‍പിടിക്കാന്‍ പോകരുതെന്നാണ് നിര്‍ദേശം.