Connect with us

Uae

കനത്ത മഴ; 'നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തം'

ശക്തമായ കാറ്റിലും മഴയിലും കോടികളുടെ നാശനഷ്ടമാണ് യു എ ഇയിലുണ്ടായത്.

Published

|

Last Updated

അബൂദബി | കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് യു എ ഇ അധികൃതര്‍ വ്യക്തമാക്കി. ശക്തമായ കാറ്റിലും മഴയിലും കോടികളുടെ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. ശക്തമായ മഴയുള്ള സമയത്ത് വീട്ടില്‍ തന്നെ തുടരുക, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങുക, വെള്ളപ്പൊക്കം, തോടുകള്‍, ജലം അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അകലം പാലിക്കുക, സുരക്ഷിതവും ഉയര്‍ന്നതുമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുള്ള സന്ദര്‍ഭങ്ങളില്‍ സ്വത്തുക്കള്‍ നശിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥയെപ്പറ്റി പ്രചരിക്കുന്ന കിംവദന്തികള്‍ പിന്തുടരരുതെന്നും അധികൃതര്‍ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

റാസല്‍ഖൈമയിലും അല്‍ ഐനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് റോഡുകള്‍ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തിട്ടു. എന്നാല്‍, ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ദുബൈയില്‍ നിന്നുള്ള 17 വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ പറഞ്ഞു. മിക്ക എമിറേറ്റുകളിലും പ്രധാന ഹൈവേകളിലടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡുകള്‍ സഞ്ചാരയോഗ്യമല്ല. അകത്തേക്ക് മഴവെള്ളം എത്തിയതിനാല്‍ ഷാര്‍ജയിലും മറ്റും താഴ്ന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അടച്ചിടേണ്ടിവന്നു.

രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ അല്‍ഐനിലെ ചില റോഡുകള്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അല്‍ ഖൂ പ്രദേശത്ത് റോഡ് തകര്‍ന്നതുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു. റോഡുകളില്‍ ആഴത്തിലുള്ള കുഴികളുണ്ടാവുകയും അതിലൊന്നില്‍ കാര്‍ വീഴുകയും ചെയ്തു.

നഗരത്തില്‍ അസാധാരണമായ വലിപ്പമുള്ള ആലിപ്പഴ വര്‍ഷവും അനുഭവപ്പെട്ടു. അല്‍ ഐനിലെ അല്‍ ക്വാ മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി. റോഡരികില്‍ ഭീമാകാരമായ ഗര്‍ത്തം രൂപപ്പെട്ടു. കനത്ത മഴയില്‍ വാദികള്‍ (തടാകങ്ങള്‍) കവിഞ്ഞൊഴുകുന്നതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നത്. മണ്ണിടിച്ചില്‍ കാരണം ഈ പ്രദേശത്തെ ഗതാഗതം താറുമാറായി.

വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ വേണം പ്രദേശത്ത് സഞ്ചരിക്കാനെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൈപ്പത്തിയുടെ വലിപ്പമുള്ള ആലിപ്പഴ വര്‍ഷമായിരുന്നു ഇവിടെയുണ്ടായത്. ഇത് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തത് ഉള്‍പ്പെടെ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അസ്ഥിര കാലാവസ്ഥ തുടരും
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ആകാശം ഇപ്പോഴും മേഘാവൃതമാണ്. കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്‌തേക്കും. അസ്ഥിര കാലാവസ്ഥ ബുധനാഴ്ച ക്രമേണ ദുര്‍ബലമാകും. മിക്ക എമിറേറ്റുകളിലും റോഡുകളിലെ മഴവെള്ളം നീക്കം ചെയ്യുന്ന പ്രവൃത്തി അധികൃതര്‍ ഇന്ന്
രാവിലെ തന്നെ ആരംഭിച്ചിരുന്നു.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി