Kerala
കനത്ത മഴ; വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മാതാവിനും മകനും പരുക്ക്
കോയിക്കമൂല സ്വദേശികളായ ലീല (80), ദീപു (54) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തിരുവനന്തപുരം|തിരുവനന്തപുരം നഗരൂര്‍ കോയിക്കമൂലയില്‍ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മാതാവിനും മകനും പരുക്ക്. കോയിക്കമൂല സ്വദേശികളായ ലീല (80), ദീപു (54) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിക്ക് പെയ്ത മഴയിലാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന ഇരുവര്‍ക്കും മേല്‍ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.
അയല്‍വാസികല്‍ ഉടന്‍ 108 ആംബുലന്‍സ് വിളിച്ച് ദീപുവിനെയും ലീലയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ദീപുവിന്റെ തലയ്ക്കാണ് പരുക്ക്.
അതേസമയം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.