Editors Pick
കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ഥിതി ഇതാണ്
മഴയൊന്നു മാറി നിൽക്കുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടി ഇങ്ങിയാലോ എന്നാണ് ചിന്തയെങ്കിൽ അത് മനസ്സിൽ വച്ചോളൂ
സംസ്ഥാനത്ത് ഇത്തവണ മൺസൂൺ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കാലവർഷം എത്തിച്ചേർന്നിരിക്കുന്നു. കനത്ത മഴയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും ഗതാഗത തടസ്സവുമെല്ലാം അനുഭവപ്പെടുന്നു. ഇതിനിടയിൽ, മഴയൊന്നു മാറി നിൽക്കുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടി ഇറങ്ങിയാലോ എന്നാണ് ചിന്തയെങ്കിൽ അത് മനസ്സിൽ വച്ചോളൂ. സംസ്ഥാനത്തെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇനി സാഹസിക യാത്രക്കൊരു ഊട്ടി ട്രിപ്പ് പോകാനൊരുങ്ങുന്നുവെങ്കിൽ അവിടെയും സ്ഥിതി ഇതുതന്നെയാണ്. വീട്ടിലിരിക്കുന്നതാണ് ഉത്തമം.
തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഈ മാസം 18 മുതൽ അടച്ചിട്ടിരിക്കുകയാണ്. അത് കൊണ്ട് ഒരു ഹിൽ സ്റ്റേഷൻ യാത്രയ്ക്ക് ആഗ്രഹിച്ച അവിടേക്ക് ഇറങ്ങാൻ ഒരുങ്ങേണ്ട. സംസ്ഥാനത്ത് മലയോര മേഖലകളിൽ എല്ലാം തന്നെ രാത്രി യാത്ര നിരോധിച്ചിരിക്കുന്നു. ഇടുക്കിയിൽ വിനോദസഞ്ചാര മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും ചുറ്റുമുള്ള കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫ്-റോഡ് സഫാരികളും കർശനമായി നിരോധിച്ചിരിക്കുന്നു.
‘നമുക്ക് ഇതൊന്നും വേണ്ടേ, നമ്മുടെ സ്ഥിരം ബീച്ച് മതിയേ..’ എന്നാണ് വാദമെങ്കിൽ അങ്ങോട്ടും പോകാതിരിക്കുന്നതാണ് നല്ലത്. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും മറ്റുള്ളവരും ബീച്ചുകൾ സന്ദർശിക്കരുതെന്ന് ഗവൺമെന്റ് നിർദ്ദേശമുണ്ട്.
തൃശൂർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്. ജനപ്രിയ വെള്ളച്ചാട്ടങ്ങളായ അതിരപ്പിള്ളിയും വാഴച്ചാലും ഇതിൽ ഉൾപ്പെടുന്നു. വിലങ്ങൻ ഹിൽസ്, പൂമല ഡാം, കലശമല, ചെപ്പാറ, വാഴാനി ഡാം, പീച്ചി ഡാം, ഏനാമാവ് നെഹ്‌റു പാർക്ക്, സ്നേഹതീരം ബീച്ച്, ചാവക്കാട് ബീച്ച്, തുമ്പൂർമൊഴി റിവർ ഗാർഡൻ എന്നിവയാണ് അടഞ്ഞുകിടക്കുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ. പത്തനംതിട്ടയിൽ സ്ഥിതിയും അങ്ങനെ തന്നെ ഗവിയിലും യാത്രാനിരോധനമുണ്ട്.
ഇനി ഈ നിയന്ത്രണങ്ങൾ ഒന്നുമില്ലെങ്കിലും സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും മാനിച്ച് കനത്ത മഴയുള്ള സമയങ്ങളിൽ യാത്രയ്ക്കിറങ്ങാതിരിക്കുന്നതാണ് നല്ലത്.