Connect with us

Ongoing News

യുഎഇയിൽ കനത്ത മഴ, ഇടിമിന്നൽ, ആലിപ്പഴ വർഷം; കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുന്നു

അൽ ഐൻ, അൽവത്വബ , ബനിയാസ് എന്നിവിടങ്ങളിലാണ് കനത്ത ആലിപ്പഴ വർഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

Published

|

Last Updated

അബൂദബി | കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും വിറങ്ങലിച്ച് യുഎഇ. ഇന്നലെ രാത്രി തുടങ്ങിയ മഴ രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോഴും തുടരുകയാണ്. ശക്തമായ ഇടിമിന്നലും ആലിപ്പഴ വർഷവുമാണ് ഇന്ന് രാവിലെ യു എ ഇ നിവാസികളെ ഉറക്കമുണർത്തിയത്. അൽ ഐൻ, അൽവത്വബ , ബനിയാസ് എന്നിവിടങ്ങളിലാണ് കനത്ത ആലിപ്പഴ വർഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഇന്ന് രാവിലെ മുതൽ രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ആലിപ്പഴ വർഷം ശക്തമാണ്. പലയിടങ്ങളിലും റോഡുകളിൽ മഞ്ഞുകട്ടകൾ വീണ് ഗതാഗതം താറുമാറായി. യു എ ഇയിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടാൽ ഒരു വേള യൂറോപ്പാണെന്ന് സംശയിച്ചു പോകും. 7.6 ഡിഗ്രി സെൽഷ്യസ് ആണ് റാസൽ ഖൈമയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഊഷ്മാവ്.

പ്രതികൂല കാലാവസ്ഥയിൽ ആളുകൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ബീച്ചിലും, മലയടിവാരങ്ങളിലും ആളുകൾ ഒരു കാരണത്താലും ഇറങ്ങരുത്. ഡ്രൈവർമാരും അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി , ദുബൈ പോലീസ് മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ സുരക്ഷിത അകലം പാലിക്കുകയും സ്പീഡ് നിയന്ത്രിക്കുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാർ ഓഫീസിൽ ഹാജരാകേണ്ടതില്ല എന്ന് നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

യുഎഇയിലെ പ്രതികൂല കാലാവസ്ഥ കാരണം കേരളത്തിൽ നിന്നും യുഎഇയിലേക്ക് പോകേണ്ട വിമാനങ്ങൾ അനിശ്ചിതമായി വൈകുകയാണ്. രാവിലെ ഒൻപതരക്ക് കണ്ണൂരിൽ നിന്ന് അബൂദബിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ബഹ്റൈനിൽ നിന്ന് മംഗലാപുരത്തേക്ക് എത്തി, അവിടെ നിന്നും കണ്ണൂർ വഴി അബൂദബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള വിമാനങ്ങളും വൈകുന്നതായി സൂചനയുണ്ട്.

Latest