Connect with us

Kerala

ചൊവ്വാഴ്ച വരെ ശക്തമായ മഴ; മലയോര മേഖലയിൽ ജാഗ്രത വേണം

ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ശനിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത്  പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച്  അര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.

ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണം. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശമുണ്ട്.

 

Latest