Kerala
കനത്ത മഴ; എറണാകുളത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി
വിവിധ ഭാഗങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി. എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളിലെ സിഗ്‌നല്‍ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കൊച്ചി | എറണാകുളം ജില്ലയില്‍ കനത്ത മഴ ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. വിവിധ ഭാഗങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി. എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളിലെ സിഗ്‌നല്‍ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് എറണാകുളം ടൗണ്‍ വഴി തിരിച്ചുവിട്ടു. നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് നിര്‍ത്തി.
കൊല്ലം, എറണാകുളം മെമു എക്‌സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറ വരെ മാത്രമേ സര്‍വീസ് നടത്തൂ. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിട്ടു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിയും ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നു.