National
കനത്ത മഴ; ചെന്നൈയില്‍ രണ്ട് മരണം
പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്.
ചെന്നൈ| മിഗ്ജാമ് ചുഴലിക്കാറ്റ് നാളെ തീരം തൊടാനിരിക്കെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെന്റ് തോമസ് മെട്രോ സ്റ്റേഷനില്‍ നാലടിയോളം വെള്ളം കെട്ടിനിന്ന് സ്റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു.