Pathanamthitta
കനത്തമഴ മുന്നറിയിപ്പ്: ജാഗ്രതവേണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍
ഡിസംബര്‍ 18 വരെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റല്‍, ആഴത്തിലുള്ള കുഴിക്കല്‍, മണ്ണുമാറ്റല്‍ എന്നിവ നിരോധിച്ചു
പത്തനംതിട്ട | ജില്ലയില്‍ ഇന്നും നാളെയും അതിശക്ത മഴയ്ക്ക് (റെഡ് അലര്‍ട്ട്) കാലാവസ്ഥ വകുപ്പ് സാധ്യത പ്രവചിച്ച സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാമേഖലകളില്‍ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കി. അവശ്യസ്ഥലങ്ങളില്‍ മൈക്കിലൂടെ വിവരം കൈമാറണം. ആളുകളെ സ്ഥിതിഗതി വിലയിരുത്തി മാറ്റിപാര്‍പ്പിക്കണം.
കോന്നി, റാന്നി, അടൂര്‍, കോഴഞ്ചേരി താലൂക്കുകളിലായി 44 ക്യാമ്പുകള്‍ സജ്ജീകരിച്ചു, ഇവിടേക്ക് ആളുകളെ മാറ്റുന്നതിന് നിര്‍ദേശം നല്‍കി. ഇതോടൊപ്പം പ്രാദേശികമായ അടിയന്തര സാഹചര്യം വിലയിരുത്തിയും ആളുകളെ മാറ്റിപാര്‍പ്പിക്കാനാണ് തീരുമാനം.
ഡിസംബര്‍ 18 വരെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനം, മലയോരത്ത് മണ്ണ് വെട്ടിമാറ്റല്‍, ആഴത്തിലുള്ള കുഴിക്കല്‍, മണ്ണുമാറ്റല്‍ എന്നിവ നിരോധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ നിരോധിച്ചു.
തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായി കുട്ടവഞ്ചി, കയാക്കിങ്, ബോട്ടിംഗ് ട്രെക്കിംഗ് എന്നിവയും നിരോധിച്ചു. 18 വരെയാണ് നിരോധനം പ്രാബല്യത്തിലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. പമ്പ ത്രിവേണിയില്‍ തീര്‍ഥാടകര്‍ നദികളിലിറങ്ങുന്നതിനും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം ഉണ്ട്. ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രിയാത്ര ജാഗ്രതയോടെ വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യം നിലനില്‍ക്കെ മണിയാര്‍, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്‍മുള നിവാസികള്‍ ജാഗ്രത പാലിക്കണം. നദികളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.