Kerala
അതിശക്തമായ മഴ; മൂഴിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു; ഷട്ടറുകൾ തുറന്നു
വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഷട്ടറുകൾ 30 സെന്റീ മീറ്റർ വീതം ഉയർത്തിയത്. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു.
പത്തനംതിട്ട | മൂഴിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് ഷട്ടറുകൾ 30 സെന്റീ മീറ്റർ വീതം ഉയർത്തിയത്. ഇതിൽ രണ്ടെണ്ണം പിന്നീട് അടച്ചു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് മൂഴിയാർ മേഖലയിൽ മഴ തുടങ്ങിയത്. ആറു മണിയോടെ സായിപ്പിൻകുഴി തോട്ടിൽ നീരൊഴുക്ക് ശക്തമായി. മൂഴിയാർ സായിപ്പിൻകുഴി ഉൾവനത്തിൽ ഉണ്ടായ ഉരുൾപൊട്ടലാണ് ജലനിരപ്പ് ഉയരാനിടയാക്കിയത് എന്നാണ് സംശയിക്കുന്നത്.
ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജനനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.